
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. മദ്യത്തിന്റെ നികുതി കുറച്ച് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ വിഡി സതീശന്റെ നടപടിയാണ് ഇപ്പോൾ ചർച്ചയാകേണ്ട വിഷയമെന്നും, അതിന് വ്യക്തമായ മറുപടി നൽകാതെ കള്ളപ്രചാരണം നടത്തി പുകമറ സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാർ മദ്യത്തിന്റെ നികുതി കുറച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും, അതുവഴി മദ്യം ഒഴുകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്ന് ഹോർട്ടി വൈനും ഹോർട്ടി ലിക്കറും ഉൽപാദിപ്പിക്കാൻ അനുമതി നൽകിയതെന്നും അറിയിച്ചു.
ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകണമെന്ന ശുപാർശ പരിഗണിച്ചാണ് അതിന് അംഗീകാരം നൽകിയതെന്നും, 2022-23ലെ മദ്യനയത്തിൽ ഇത് പ്രഖ്യാപിച്ചിരുന്നുവെന്നും സിപിഎം പറഞ്ഞു. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉൾപ്പെടെയുള്ള ചർച്ചകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള വിഭാഗങ്ങളെ ചട്ടത്തിൽ ഉൾപ്പെടുത്തിയതെന്നും, ഗസറ്റിൽ വിജ്ഞാപനം ചെയ്ത സുതാര്യമായ നടപടിയായിരുന്നു ഇതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.






