
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസ് വീണയിൽ ഒതുങ്ങില്ലെന്ന് സൂചന. ഒന്നാം പിണറായി സർക്കാർ സിഎംആർഎലിന് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ എന്ന് ഇഡി അന്വേഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം പിണറായി വിജയനും സിഎംആർഎലും തമ്മിൽ എന്തെങ്കിലും ബന്ധമോ ഇടപെടലുകളോ ഉണ്ടോ എന്നു പരിശോധിച്ചേക്കും. തെളിവുകൾ ലഭിച്ചാൽ പിണറായി വിജയനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
പിണറായിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മനസ്സിലാക്കാനായി സാമ്പത്തിക രേഖകളും സർക്കാർ തീരുമാനങ്ങളും പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ച് എന്തെങ്കിലും അനുകൂല നിലപാടുകൾ എടുത്തിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. പുതിയ രേഖകൾ പരിശോധിക്കുന്നതിലൂടെ വഴിത്തിരിവുണ്ടായേക്കാം എന്നാണ് വിലയിരുത്തൽ.
സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്ന് വീണയ്ക്ക് 50 ലക്ഷം രൂപ വായ്പ ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്. പിണറായി അധികാരത്തിലെത്തിയ ശേഷം എക്സാലോജിക്കിനു പുതിയ കരാറുകൾ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനു പകരമായി സർക്കാർ തലത്തിൽ സഹായം ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്ലാ ആരോപണങ്ങളെയും നിയമപരമായി നേരിടും എന്നുമാണ് സിപിഎം നിലപാട്. പിണറായി വിജയനെ ഉൾപ്പെടുത്തി അന്വേഷണം മുന്നോട്ടു കൊണ്ടുപോയാൽ പാർട്ടി ശക്തമായ പ്രതിരോധമുയർത്തും എന്നാണ് സൂചന.






