
മലപ്പുറം: ഗേറ്റിന്റെ ഇരുമ്പുകമ്പി കഴുത്തിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16-കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശിയായ മുഹമ്മദ് മാസിനാണ് മരിച്ചത്.
കഴിഞ്ഞ മേയ് 31ന് വീടിന്റെ ടെറസിൽ നിന്ന് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണാണ് മുഹമ്മദ് മാസിൻ ഗേറ്റിന്റെ കമ്പിയിലേക്ക് പതിച്ചത്. അപകടത്തിൽ കഴുത്തിലൂടെ ഇരുമ്പുകമ്പി തുളച്ചുകയറുകയായിരുന്നു.
ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റാൻ കഴിയാത്തതിനാൽ കമ്പിയോടുകൂടിയാണ് ആദ്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി ഗേറ്റിന്റെ ഇരുമ്പുകമ്പി മുറിച്ചുമാറ്റി ചികിത്സ തുടരുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.






