
തിരുവനന്തപുരം: പോളിയോ നിർമാർജന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധമായും പോളിയോ തുള്ളിമരുന്ന് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവഹിക്കും.
സംസ്ഥാനത്ത് അഞ്ച് വയസിൽ താഴെയുള്ള 19,80,224 കുട്ടികൾക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സ്കൂളുകൾ, വായനശാലകൾ തുടങ്ങി ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിക്കുക.
കൂടാതെ 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും ഒൻപത് ഉത്സവമേളകളിലെ പ്രത്യേക ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക.
ബൂത്തുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകരും ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകരും വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.






