
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് മറുപടിയുമായി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. താന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെ.സുധാകരന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനെ മുന്‍കൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ല. സ്ലോട്ട് എടുത്ത് കെ.പി.സി.സി അധ്യക്ഷനെ കാണേണ്ട സാഹചര്യമില്ല. അങ്ങനെവന്നാല്‍ അദ്ദേഹ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി. വി.എം സുധീരന് പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഏകാധിപത്യ ശൈലിയിലാണ് നേതൃത്വം പെരുമാറുന്നതെന്നും മുല്ലപ്പള്ളി പരാതിപ്പെട്ടതായാണ് സൂചന.
സുധീരനേയും മുല്ലപ്പള്ളിയേയും പോലെയുള്ള മുതിര്‍ന്ന നേതാക്കളെ ഫോണില്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ പലരും പ്രതികരിക്കാറില്ലെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന് പ്രതികരിച്ചത്.
അതിനിടെ, താരിഖ് അന്‍വര്‍ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിനു പുറമേ എഐസിസി അംഗത്വവും രാജിവച്ചുവെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെയാണ് കൂടിക്കാഴ്ച. ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.






