
ചണ്ഡിഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സ്ഥാനം നഷ്ടപ്പെട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉന്നതതല കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിക്ക് തിരിച്ചു. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പഞ്ചാബിലെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് പോകുന്നതെന്ന് അമരീന്ദര്‍ പറയുന്നുണ്ടെങ്കിലും സ്ഥാനനഷ്ടത്തില്‍ അതൃപ്തനായ മുന്‍ മുഖ്യമന്ത്രി ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ രാഷ്ട്രീയമുണ്ടെന്നാണ് സൂചന. അസംതൃപ്തരായ കോണ്‍ഗ്രസുകാരെ ചേര്‍ത്ത് അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന സൂചനയുമുണ്ട്.
അതിനിടെ, പഞ്ചാബ് അധ്യക്ഷ സ്ഥാനം നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടിയുടെയും പഞ്ചാബിന്റെയും വികസനത്തിന് താന്‍ ഒരിക്കലും തടസ്സം നില്‍ക്കില്ല. പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു പറയുന്നു. 72 ദിവസം മാത്രമാണ് സിദ്ദു ചുമതല വഹിച്ചത്.
ചരണ്‍ജിത് സിംഗ് ഛന്നി മന്ത്രിസഭയിലെ പുതിയ അംഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നതിനു പിന്നാലെയാണ് പുതിയ തര്‍ക്കം ഉടലെടുത്തത്. ചില എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥരായിരുന്നു.
അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ പ്രവര്‍ത്തകരുടെ അമര്‍ഷം ഒഴിവാക്കാന്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിദ്ദു മാറിനില്‍ക്കുന്നതാണെന്നും സൂചനയുണ്ട്.
Punjab Congress chief Navjot Singh Sidhu resigns pic.twitter.com/KbDbderXeo
— ANI (@ANI) September 28, 2021






