
ന്യൂഡല്‍ഹി: സി.പി.ഐ. നേതാവും ജെ.എന്‍.യു. സ്റ്റുഡന്റ്സ് യൂണിയന് മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി സാങ്കേതിക കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസിനുള്ള പിന്തുണ തുടരും. ഡല്‍ഹി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽവച്ച് രാഹുൽ ഗാന്ധി ഇരുവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഭഗത് സിങ്ങിന്റെ ജന്മവാര്ഷിക ദിനത്തില്‍ ഭഗത് സിംഗ് പ്രതിമയില്‍ രാഹുലിനോടൊപ്പം കനയ്യയും ജിഗ്നേഷും പുഷ്പാര്‍ച്ചന നടത്തി.
കോണ്‍ഗ്രസ് ഒരു പാര്ട്ടിമാത്രമല്ലെന്നും ഒരു ആശയം കൂടിയാണെന്നും കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്നും കനയ്യ കുമാര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐയുടെ ബീഹാര്‍ ഘടകവുമായുള്ള കടുത്ത ഭിന്നതയാണ് കനയ്യകുമാറന്റെ രാജിക്കു പിന്നില്‍.
കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബിഹാറില്‍ കനയ്യയുടെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണു പാര്‍ട്ടി. സംഘപരിവാറിനെതിരായ കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തിലും ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
കനയ്യകുമാര്‍ കമ്യുണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചെന്നും വ്യക്തിപരമായ അഭിലാഷങ്ങള്‍ മൂലമാണ് പാര്‍ട്ടിവിട്ടതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. എന്നാല്‍ കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് അഭിപ്രായം ഇല്ലെന്നും തീരുമാനം ദൗര്ഭ്യാഗ്യകരമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.






