
തൃശൂര്‍: കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.പി. വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. വിയ്യൂര്‍ ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. എന്നാല്‍, വധഭീഷണിയുണ്ടെന്ന പരാതി വ്യാജമാണെന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊടിസുനി നിരാഹാരമിരിക്കുകയാണെന്ന വാര്‍ത്ത ജയില്‍ അധികൃതര്‍ നിഷേധിച്ചു.
ചിലരുടെ പേരെടുത്തു പറഞ്ഞാണ് തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നതായി സുനി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് സംശയമുള്ള ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിയ്യൂര്‍ ജിയിലിലെ ഫോണ്‍വിളിയെത്തുടര്‍ന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സുനിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍ 24 മണിക്കൂറും പൂട്ടിയിടും. കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത രീതിയിലാണ് സുരക്ഷ. വിയ്യൂരില്‍ സുനിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് സമയത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോള്‍ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് കണ്ണൂര്‍ ജയിലിലേക്ക് മാറാന്‍ സുനി ശ്രമം തുടങ്ങിയത്.






