
വടക്കാഞ്ചേരി പീഡന വെളിപ്പെടുത്തലിന് പിന്നാലെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്ററുമായ ഭാഗ്യലക്ഷ്മിയെ ചാക്കിട്ട് ആംആദ്മി പാര്‍ട്ടി രംഗത്ത്. താരത്തെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ആപ്പ് ശ്രമം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. എഴുത്തുകാരി സാറാ ജോസഫ്, മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് എന്നിവര്‍ക്ക് പിന്നാലെ ഭാഗ്യ ലക്ഷ്മിയെ കൂടി കൂടെ കൂട്ടിയാല്‍ പാര്‍ട്ടിക്ക് അത് മികച്ച നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍.
അരവിന്ദ് കെജ്രിവാള് പാര്‍ട്ടി ഉണ്ടാക്കിയതിന് പിന്നാലെ ഒട്ടേറെ പ്രമുഖരായിരുന്നു ആപ്പുമായി അടുക്കുകയും അകലുകയും ചെയ്തത്. ഒരു മിന്നല്‍ പോലെ ഉദിക്കുകയും പിന്നീട് നിറം മങ്ങുകയും ചെയ്ത പാര്‍ട്ടിയില്‍ കൊച്ചിയില്‍ നിന്നും മറ്റും മത്സരിച്ച അനിതാപ്രതാപിനെ പോലെയുള്ളവര്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖമായി മാറിയെങ്കിലും പിന്നീട് പാര്‍ട്ടിയുമായി ഇവര്‍ അകലുകയായിരുന്നു. സമാന രീതിയില്‍ തന്നെയായിരുന്നു എഴുത്തുകാരി സാറാ ജോസഫും. ഇപ്പോള്‍ പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠനാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ അറിയപ്പെടുന്ന മുഖമായി മാറിയിരിക്കുന്നത്. ഭാഗ്യലക്ഷ്മി കൂടിയായാല്‍ അത് പാര്‍ട്ടിക്ക് ഗുണം കൂടുമെന്നാണ് വിലയിരുത്തല്‍.
സാമൂഹിക പ്രതിബദ്ധതയില്‍ അടുത്തകാലത്തായി അനേകം പരിപാടികളില്‍ സജീവമായ ഭാഗ്യലക്ഷ്മി അടുത്തിടെ സിപിഎം നേതാവ് പ്രതിയായ വടക്കാഞ്ചേരി പീഡന ഇരയെ പുറത്ത് കൊണ്ടുവന്ന് വളരെയധികം ജനശ്രദ്ധനേടിയിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കഴിയുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അടുത്ത കാലത്ത് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വടക്കാഞ്ചേരി വിഷയം ഇത്ര മാധ്യമശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.






