
കണ്ണൂർ : ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ ജ്യോത്സ്യനെന്ന് അവകാശപ്പെട്ട ആളുടെ നിർദേശം അനുസരിച്ച് തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റെന്നു പരാതി. കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
വ്യാജ ഗരുഡ രത്നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.
കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി.
വീട് നിർമാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കാൻ മുഹൂർത്തം നോക്കാനാണ് മൊബിൻ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തുന്നത്. തുടർന്നു വാഹനാപകടത്തിൽ മൊബിൻ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ഭയപ്പെടുത്തി വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ആദിവാസികളിൽ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്ത് എണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ നിർദേശിച്ചു.
ഇതിനുപിന്നാലെയാണ് ഭാവിയിൽ മകൻ ഐഎഎസ് പാസ് ആവണമെങ്കിൽ തങ്ക ഭസ്മം പാലിൽ കലക്കി കുടിക്കണമെന്ന് ഇയാൾ നിർദ്ദേശിച്ചത്.






