
തിരുവനന്തപുരം ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ചില കാര്യങ്ങളില്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു.
വിമാനത്താവളത്തിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിങ് കമ്പനി നടത്തിയ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും സംബന്ധിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് വിവരം നല്‍കുമെന്നും ചീഫ് വിപ്പ് ഡോ: എന്‍. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
വിമാനത്താവള നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി.പി.ആര്. തയാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.






