
ന്യുഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി പുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു സമരം അവസാനിപ്പിച്ചു. മന്ത്രിപുത്രന് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് കീഴടങ്ങിയതോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.
ലഖിംപുരില്‍ കൊല്ലപ്പെട്ട പ്രദേശിക മാധ്യമപ്രവര്ത്തകന് രമന് കശ്യാപിന്റെ വീട്ടിലായിരുന്നു സിദ്ദുവിന്റെ നിരാഹാരം. 'ഒരു സുപ്രധാന വിഷയത്തില്‍ സമരം നടത്താനുള്ള ശക്തി ദൈവം എനിക്ക് തന്നു. സത്യത്തിന്റെ പാത എന്നും വിജയിക്കും' സിദ്ദു ട്വീറ്റ് ചെയ്തു.
ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെയാണ് സിദ്ദു അനിശ്ചിതകാല നിരാഹാര, മൗനവ്രതം ആരംഭിച്ചത്. കശ്യപിന്റെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചാണ് സിദ്ദും സഹപ്രവര്‍ത്തകരും നിരാഹാരം അവസാനിപ്പിച്ചത്.
നടന്നത് പ്രാകൃതമായ കുറ്റമാണ്. നീതി വേണമെന്നാണ് രാജ്യം ഒന്നടങ്കം ആവശ്യപ്പെടുന്നത്. തെളിവുകളും വീഡിയോ ദൃശ്യങ്ങളുമുണ്ട്. എഫ്ഐആറില്‍ പ്രതിയുടെ പേരുമുണ്ട്. ദൃക്സാക്ഷികളുമുണ്ട്. അറസ്റ്റ് മാത്രം നടക്കുന്നില്ല. കാരണം പ്രതി ഒരു കേന്ദ്രമന്ത്രിയുടെ മകനാണെന്നതാണെന്നും സിദ്ദു ഇന്നലെ പറഞ്ഞിരുന്നു.






