
മുംബൈ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന ബിജെപി എംപി വരുണ്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന. സംഭവത്തില്‍ വരുണ്‍ ഗാന്ധിയുടെ ശക്തമായ നിലപാടിനെ അഭിന്ദിച്ച് എല്ലാ കര്‍ഷക സംഘടനകളും അഭിനന്ദന പ്രമേയം പാസാക്കണമെന്നാണ് ശിവമസന തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്.
അതേസമയം സേനയുടെ മുഖപത്രമായ 'സാമന'യുടെ എഡിറ്റോറിയലിലും ലഖിംപൂര്‍ ഖേരി സംഭവം പ്രതിപാദിച്ചു. യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം കണ്ടിട്ടും മറ്റ് എംപിമാരുടെ രക്തം തണുത്തുറഞ്ഞോ എന്നും സാമനയില്‍ ചോദ്യമുയര്‍ത്തി.
കര്‍ഷകരുടെ പ്രതിഷേധ പ്രകടനത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റി നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ഷക രോഷം ആളിക്കത്തുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-യുപി സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ അക്രമണം പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശമുയര്‍ത്തി ബിജെപി എംപി വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മ്മികവും തെറ്റായ വ്യഖ്യാനം നല്കുന്നതുമാണ്. ഒരു തലമുറയുടെ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കുന്നത് അപകടകരമാണെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.
ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ ഐക്യത്തിന് മുകളിലുള്ള പരിഗണന നല്‍കരുതെന്നും വരുണിന്റെ ട്വീറ്റില്‍ പറയുന്നു. ലഖിംപുര്‍ വിഷയത്തില്‍ നേരതെത വരുണ്‍ ഗാന്ധി കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച അദേഹം കര്‍ഷകരെ നിശ്ശബ്ദരാക്കാനാകില്ലെന്നും കുറിച്ചു.






