
കൊല്ലം : പാമ്പു കടിയേറ്റുള്ള ഉത്രയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നു കോടതി കണ്ടെത്തിയതോടെ ചുരുളഴിഞ്ഞതു കൊടുംക്രൂരതയുടെ കഥ. അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ വിജയസേനന്‍-മണിമേഘല ദമ്പതികളുടെ മകള്‍ ഉത്ര(25) പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ്(27), ഇയാളുടെ സുഹൃത്തും പാമ്പുപിടിത്തക്കാരനുമായ സുരേഷ് കുമാര്‍ (47) എന്നിവര്‍ അറസ്റ്റിലായതോടെയാണു ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്.
ഉത്രയോട് താല്പര്യമില്ലാതിരുന്ന സൂരജ് വിവാഹമോചനം നേടിയാല്‍ സ്ത്രീധനമായി ലഭിച്ച സ്വത്തുക്കള്‍ തിരികെ നല്‍കേണ്ടി വരുമെന്ന ഭയം നിമിത്തമാണ് ഉത്രയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. സൂരജ് പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്.
ബിരുദധാരിയും സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനുമായ സൂരജ് അതിനായി യൂട്യൂബിലും മറ്റും തെരഞ്ഞാണു വഴി കണ്ടെത്തിയത്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൂരജ് പോലീസിനോട് കുറ്റസമ്മതം നടത്തി. 2018-ലായിരുന്നു സൂരജിന്റെയും ഉത്രയുടെയും വിവാഹം. വിവാഹസമ്മാനമായി അഞ്ചു ലക്ഷം രൂപയും 96.5 പവന് സ്വര്‍ണാഭരണവും ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ മൊത്തമുണ്ടായിരുന്ന 110 പവനില്‍ നിന്ന് 92 പവന് ലോക്കറില്‍നിന്ന് സൂരജ് എടുത്തു.
10,000 രൂപ നല്‍കിയാണ് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍നിന്ന് സൂരജ് പാമ്പിനെ വാങ്ങിയത്. ഉത്രയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കഴിഞ്ഞ ഫെബ്രുവരി 26നാണ് ആദ്യം അണലിയെ വാങ്ങിയത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. അത്ഭുതകരമായി രക്ഷപ്പെട്ട ഉത്ര ചികിത്സക്കു ശേഷം സ്വന്തം വീട്ടില്‍ കഴിയവെ മേയ് ഏഴിനാണ് വീണ്ടും പാമ്പുകടിയേറ്റത്. സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് രണ്ട് തവണയും ഉത്രയെ പാമ്പു കടിച്ചത്.
രണ്ടാംതവണ കരിമൂര്‍ഖനാണ് കടിച്ചത്. കരിമൂര്‍ഖനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കയായിരുന്നുവെന്ന് സൂരജ് പോലീസിനോട് പറഞ്ഞു. വലിയ ബാഗിലാക്കിയാണു കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി എല്ലാവരും ഉറങ്ങിയതോടെ ബാഗില്‍നിന്നു പാമ്പിനെ പുറത്തെടുത്തു. താന്‍ കിടന്ന കട്ടിലില്‍ ഇരുന്നുകൊണ്ടു പാമ്പിന്റെ വാലില്‍ പിടിച്ചു തൊട്ടടുത്ത കട്ടിലില്‍ കിടന്ന ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. ഈ സമയം ഒന്നര വയസുള്ള കുഞ്ഞും ഉത്രയ്ക്കൊപ്പം കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. തുടര്‍ന്ന് സൂരജ് പാമ്പിനെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള അലമാരയുടെ അടിയില്‍ ഒളിപ്പിച്ചു. പിന്നീട് തന്റെ കിടക്കയിലിരുന്നു നേരം വെളുപ്പിച്ചു. ഈ സമയം വേദനകൊണ്ടു പുളഞ്ഞ ഉത്ര കിടക്കയില്‍ മലമൂത്ര വിസര്‍ജനവും നടത്തിയിരുന്നു.
രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ സൂരജ് പുറത്തേക്കുപോയി. ചായയുമായി എത്തിയ മാതാവ് ഉത്ര അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടു നിലവിളിച്ചു. ബഹളം കേട്ട് പിതാവ് വിജയസേനനും ഉത്രയുടെ സഹോദരന് വിഷുവും ഓടിയെത്തി. ഈ സമയം പുറത്തുനിന്നിരുന്ന സൂരജ് സാവധാനമാണു മുറിയിലേക്ക് എത്തിയത്. ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മടങ്ങിയെത്തിയ സൂരജ് ഉത്രയുടെ സഹോദരനുമായി ചേര്‍ന്നാണു മുറി പരിശോധിച്ചത്. സഹോദരനാണ് അലമാരയുടെ അടിയില്‍ പാമ്പിനെ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് പുറത്തു ചാടിച്ച ശേഷം പാമ്പിനെ അടിച്ചുകൊന്നു.
പുതിയ അധ്യായം രചിച്ച് ഉത്ര വധക്കേസ്
കൊല്ലം: ഉത്ര വധക്കേസ് ഫോറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിനും വഴിതെളിച്ചു. ഇന്ത്യയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസില്‍ ഒടുവില്‍ കോടതിവിധി വരുമ്പോള്‍ സൂരജിനെ കുരുക്കിയത് അന്വേഷണ സംഘത്തിന്റെ തന്ത്രപരവും ശാസ്ത്രീയവുമായ നീക്കങ്ങള്‍.
ഉത്ര കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് സംഘത്തിനു രണ്ടു വട്ടം പാമ്പു കടിച്ചെന്നു കേട്ടപ്പോള്‍ അസ്വാഭാവികത തോന്നിയിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകം സംശയിക്കാവുന്ന സൂചനകളൊന്നും ലഭിച്ചില്ല. പോലീസ് സ്ഥലപരിശോധനയും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനവും നടത്തി. അതോടെ പാമ്പു കടിച്ചുള്ള മരണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. രണ്ടു വട്ടമാണ് ഉത്രയെ പാമ്പു കടിച്ചത്. ആദ്യം അണലി പിന്നീട് മൂര്‍ഖന്‍. ആദ്യം സൂരജിന്റെ വീട്ടിലും പിന്നീട് ഉത്രയുടെ വീട്ടിലും.
ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാംനിലയില്വച്ചാണ്. റസല്‍ വൈപ്പര്‍ വിഭാഗത്തില്‍പ്പെട്ട അണലി മരത്തില്‍ കയറില്ല. അണലി കടിക്കുന്നത് തറയില്വച്ചാണ്. അല്ലെങ്കില്‍ ആരെങ്കിലും അണലിയെ മുകളില്‍ എത്തിക്കണം. സൂരജിന്റെ വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ സൂരജിന്റെ മാതാവ് ജനലിനു സമീപത്തെ മരക്കൊമ്പ് കാണിച്ച് " ഈ മരക്കൊമ്പ് വഴിയാണ് പാമ്പു വന്നതെന്നും വെട്ടിക്കളയാന്‍ നേരത്തേ സൂരജിനോട് പറഞ്ഞതാ"ണെന്നും പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് അയല്‍ക്കാരെ കണ്ടപ്പോള്‍ കള്ളി പൊളിഞ്ഞു. ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിര്ത്തിയതാണെന്നായിരുന്നുഅയല്ക്കാരുടെ മൊഴി.
രണ്ടാം തവണ ഉത്രയുടെ വീട്ടില്‍വച്ച് മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. അവിടെ എങ്ങനെ പാമ്പ് എത്തിയെന്നതും സംശയമായി. വാതിലിനു പുറമേ രണ്ടു ജനലും മൂന്ന് വെന്റിലേറ്ററും മുറിക്കുണ്ട്. രണ്ട് മീറ്റര്‍ പൊക്കത്തിലാണ് വെന്റിലേറ്റര്‍. 150 സെന്റിമീറ്റര്‍ ഉയരത്തിലാണ് ജനലുകള്‍. അന്വേഷണ സംഘം വെറ്ററിനറി വിദഗ്ധരുടെ സഹായം തേടി. മൂര്‍ഖന്‍ സ്വന്തം നീളത്തിന്റെ മുന്നിലൊന്ന് മാത്രമേ സ്വയം പൊങ്ങാന്‍ കഴിയൂ. ഉത്രയെ കടിച്ച പാമ്പിന്റെ നീളം 150 സെന്റിമീറ്ററാണ്. അതിനാല്‍ 50 സെന്റിമീറ്ററില്‍ കൂടുതല്‍ പാമ്പിന് പൊങ്ങാന്‍ കഴിയില്ല. മൂര്‍ഖന്‍ ഇരപിടിക്കുന്നത് വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ്. അതു കഴിഞ്ഞാല്‍ മൂര്‍ഖന്‍ വിശ്രമത്തിലാകും.
ഒന്നാംനിലയില്‍ കയറിക്കടിച്ച അണലിയും പാതിരാത്രി രണ്ടു വട്ടം കടിച്ച മൂര്‍ഖനും സംശയം വര്‍ധിപ്പിച്ചു. പാമ്പ് സ്വയം കടിച്ചതല്ലെന്നും ആരോ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്നും വ്യക്തമായി. ആദ്യ സംശയം സുരജിലേക്കായി. സൂരജിന് വന്യജീവികളോട് കമ്പമുണ്ട്. ഉത്രയുടെ മരണത്തിന് ആറ് മാസം മുമ്പ് സൂരജിന്റെ വീട്ടില്‍ പാമ്പിനെ കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചുവെന്ന വിവരമറിഞ്ഞു. പാമ്പു പിടുത്തക്കാരനായ സുരേഷും സൂരജും തമ്മിലുള്ള ഇടപാടുകളും പോലീസ് കണ്ടെത്തി. പാമ്പുകളെക്കുറിച്ചു സൂരജ് പഠനം നടത്തിയതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്നും ലഭിച്ചു.
ഉണ്ണി വി.ജെ.നായര്‍






