
ധാക്ക/ന്യുഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെയോ ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കു നേരെയോ ആക്രമണമുണ്ടായാല്‍ കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദുര്‍ഗ പൂജ ആഘോഷത്തിനിടെ ചില ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ 22 ജില്ലകളില്‍ അര്‍ദ്ധ സൈനികരെ സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് മതിയായ സംരക്ഷണമില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന.
കോമിലയില്‍ നടന്ന അക്രമങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല. അവര്‍ ഏത് മതവിഭാഗത്തില്‍പെട്ടവരായാലും. അവരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യും. -ധാക്കയിലെ ദക്ഷേശ്വരി നാഷണല്‍ ടെംപിളില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് ആശംസ നേരുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
അക്രമത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യയുടെ കാലമാണ്. കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിടികൂടും.
ദുര്‍ഗപൂജ പ്രതിഷ്ഠയ്ക്കു നേരെ ജനക്കൂട്ടം ആക്രമണം നടത്തുന്നതും ക്ഷേത്രങ്ങള്‍ക്കു നേരെ കല്ലേറിയുന്നതും തകര്‍ക്കുന്നതും ദുര്‍ഗദേവിയുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു.






