
ലിമ: നാട്ടിലെ ഒളിമ്പിക്സ് സ്വര്ണ്ണത്തോടെ തങ്ങളുടെ ഫുട്ബോള്‍ പാരമ്പര്യം തിരിച്ചുപിടിച്ച ലാറ്റിനമേരിക്കന്‍ ശക്തി ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായി ആറാം വിജയവും കുറിച്ചു. ദുര്‍ബ്ബലരായ പെറുവിനെതിരേ 2-0 നായിരുന്നു നെയ്മറും സംഘവും ജയിച്ചു കയറിയത്. ഗബ്രിയേല്‍ ജീസസ് ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴി വെയ്ക്കുകയും ചെയ്തത് നിര്‍ണ്ണായകമായി മാറി.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീല്‍ പെലെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയും ഉള്‍പ്പെട്ട ടീം 1970 ല്‍ കണ്ടെത്തിയ മികവിന് ശേഷം യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായി ആറു ജയങ്ങള്‍ നേടുന്നത് ഇതാദ്യമാണ്. രണ്ടാം പകുതിക്ക് 13 മിനിറ്റ് മുമ്പ് ജീസസ് ആദ്യ ഗോള്‍ നേടി. കളി തീരാന്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ ഈ 19 കാരന് റെനേട്ടോ അഗസ്റ്റോയ്ക്ക് ഗോള്‍ നേടാന്‍ അവസരം ഒരുക്കുകയും ചെയ്തു. വെറും ആറ് മത്സരങ്ങളില്‍ നിന്നും ഇതുവരെ അഞ്ചു ഗോള്‍ നേടാനും ജീസസിനായി. വിജയത്തോടെ ബ്രസീല്‍ രണ്ടാം സ്ഥാനക്കാരുമായി നാലു പോയിന്റ് വ്യത്യാസത്തിലായി.
നേരത്തേ അര്‍ജന്റീന നായകന് ലിയോണേല്‍ മെസ്സിയുടെ മികവില്‍ കൊളംബിയയെ 3-0 ന് വീഴ്ത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന ഉറുഗ്വേയെ പിന്നിലാക്കി ചിലി 3-1 വിജയവും നേടിയിരുന്നു. മെസ്സിമാജിക്കായിരുന്നു അര്‍ജന്റീനയുടെ ശക്തി. ഫ്രീ കിക്കില്‍ നിന്നും ആദ്യം ഗോളടിച്ച മെസി തുടര്‍ന്ന് രണ്ടു ഗോളിന് വഴിയൊരുക്കി കൊടുക്കുകയും ചെയ്തു. ചിലിയാകട്ടെ അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോളിന് ഉറുഗ്വേയെ വീഴ്ത്തുകയും ചെയ്തു. എഡിസന് കവാനിയായിരുന്നു ഉറുഗ്വേയുടെ സ്കോറര്‍.






