
ജയിംസ് ബോണ്ട് - ഫിക്ഷണല്‍ കഥാപാത്രങ്ങളില്‍ ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടിയ ഒരു കഥാപാത്രമാണിത്. ബോണ്ട് സിനിമകള്‍ക്കൊപ്പം അതിലഭിനയിക്കുന്ന എന്തും പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. ആസ്റ്റണ്‍ മാര്ട്ടിന് ഡി.ബി 5 എന്ന കാര്‍, ബോണ്ട് ചിത്രങ്ങളിലെ സന്തതസഹചാരിയാണ്. ആസ്റ്റൺ മാർട്ടിന്റെ തന്നെ DBS V 8 വിന്റേജ്, V12 വാൻക്വിഷ് തുടങ്ങിയ മോഡൽ കാറുകളും ബോണ്ട് സിനിമകളിലെ പ്രധാന താരങ്ങള്‍ തന്നെ. എന്നാലിപ്പോള്‍ ആസ്റ്റണ്‍ മാര്ട്ടിണ് എന്ന കാര്‍ ശ്രദ്ധ നേടുന്നത് ബോണ്ട് ചിത്രങ്ങളിലൂടെയല്ല, മറിച്ച് ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ വാക്കുകളില്‍ കൂടിയാണ്.
രാജകുമാരന് ജന്മദിനങ്ങളില് സമ്മാനം കിട്ടുക എന്നത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാല്‍ തന്റെ 21-ാം ജന്മദിനത്തില് എലിസബത്ത് രാജ്ഞി രാജകുമാരന് സമ്മാനിച്ചത് ഒരു കാറായിരുന്നു, വിന്റേജ് ആസ്റ്റണ്‍ മാര്ട്ടിന് ഡി.ബി. 5 വൊലാന്റെ ആയിരുന്നത്. ഒരു കാര്‍ എന്നതിലുപരി ഇതിലുപയോഗിക്കുന്ന ഇന്ധനം എന്താണെന്നുള്ളതാണ്. ചീസും വൈനുമാണ് ഈ കാറിന്റെ ഇന്ധനം. മാലിന്യവസ്തുക്കളില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് ഈ കാറിന്റെ ഇന്ധത്തിന്റെ പ്രധാന സ്രോതസ്സ്. ‘‘മിച്ചം വരുന്ന ഇംഗ്ലീഷ് വൈറ്റ് വൈനും ചീസും ഉപയോഗിച്ചാണ് എന്റെ ആസ്റ്റണ്‍ മാര്ട്ടിന് ചലിക്കുന്നത്’’ ബി.ബി.സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ 72 വയസ്സുകാരനായ ചാള്‍സ് രാജകുമാരന് പറഞ്ഞതിങ്ങനെ.
കേള്‍ക്കുന്നവര്‍ക്ക് അതിശയം തോന്നുമെങ്കിലും ചാള്‍സ് രാജകുമാരന്റെ വാക്കുകളില്‍ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയുണ്ട്. ‘‘ആസ്റ്റൺ മാർട്ടിൻ മെഷീൻ ഡീകാർബണൈസ് ചെയ്യുന്നത് ഒരു അസാധാരമായ സൊല്ല്യൂഷന് കൊണ്ടാണ്. E85 എന്ന പറയപ്പെടുന്ന ഈ ഉയർന്ന മിശ്രിതത്തില്‍ 85 ശതമാനം ബയോഇഥനോളും ലെഡിന്റെ അംശമില്ലാത്ത 15 ശതമാനം പെട്രോളും അടങ്ങിയിരിക്കുന്നു. ബയോഎഥനോൾ ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കാനാകും, അതിൽ പുളിപ്പിച്ച ഗോതമ്പിൽ നിന്ന് വേർതിരിച്ചെടുത്ത മിച്ച വീഞ്ഞും മദ്യവും ഉൾപ്പെടുന്നു. കൂടാതെ, തന്റെ എസ്റ്റേറ്റുകളിൽ ഉപയോഗിക്കുന്ന മിക്ക വാഹനങ്ങളും ഇലക്ട്രിക് ഓട്ടോമൊബൈലുകളാക്കി മാറ്റിയിട്ടുണ്ട്’’ രാജകുമാരന് കൂട്ടിച്ചേര്‍ക്കുന്നു.
ഗോസ്റ്റര്‍ ഷെയര്‍ ആസ്ഥാനമായുള്ള ഗ്രീന്‍ ഫ്യുവല്‍സ് എന്ന കമ്പനിയാണ് വൈനില്‍ നിന്നും ചീസില്‍ നിന്നുമൊക്കെ ബയോഎഥനോള്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഒരു ഇന്ധന സ്രോതസ്സ് കണ്ടെത്തണമെന്ന് ചാള്‍സ് രാജകുമാരന് 2018 ല്‍ തന്റെ എന്‍ജിനിയര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
ചാൾസ് രാജകുമാരന് ഏകദേശം 50 വർഷമായി കാലാവസ്ഥയ്ക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വേണ്ടി പോരാടുന്നുണ്ട്. ഒരു ഹരിത സംരക്ഷകനായി കരുതപ്പെടുന്ന ചാൾസ് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാൻ ലോക നേതാക്കളോട് അഭ്യർത്ഥിക്കാറുണ്ട്. ദൈനംദിന ജീവിതത്തിൽ പരിസ്ഥിതിയോടുള്ള തന്റെ അടുപ്പം പ്രയോജനപ്പെടുത്തുന്ന രീതീകൾ അവലംബിക്കാറുണ്ടെന്നും അതിലൊന്നാണ് തന്റെ സ്പോർട്സ് കാറിനെ കൂടുതൽ കാര്യക്ഷമമാക്കാൻ വൈനും ചീസും ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ചാള്‍സ് പറയുന്നു. എന്നാല്‍ തന്നെ ശാസ്ത്ര വിരുദ്ധനായി കാണുന്നുവെന്നും ദീർഘനാളായി പരിഹസിക്കപ്പെട്ടുവെന്നും എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിനായി ശബ്ദമുയർത്തുന്നതിൽ ഉറച്ചുനിൽക്കുന്നയാളാണെന്നും ചാൾസ് ബിബിസിയോട് പറഞ്ഞിരുന്നു.