
പാര്‍ട്ടി-ഓണ്‍-വീല്‍ എന്ന ആശയവുമായി എത്തിയിരിയ്ക്കുകയാണ് രാജസ്ഥാനിലെ മേവാര ട്രാവല്‍സ്. താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകാന്‍ 'പബ്' ശൈലിയിലുള്ള സ്വകാര്യ ആഡംബര ബസ് ബുക്ക് ചെയ്യാം. ഈ ബസുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈറ്റില്‍ ഒരു പബ് സജ്ജീകരണം നടത്താമെന്ന് മാത്രമല്ല ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഈ ബസില്‍ പാര്‍ട്ടികള്‍ ആസ്വദിക്കാമെന്നുമാണ് മേവാര ട്രാവല്‍സ് പറയുന്നത്.
ഈ ലക്ഷ്വറി ബസിനകത്ത് നിരവധി കംഫര്‍ട്ട് ഫീച്ചറുകള്‍ കാണാം. ലോഞ്ച് മാതൃകയിലുള്ള സീറ്റുകള്‍, സോഫ, കട്ടിലുകള്‍, ഡാന്‍സ് ഫേ്ലാര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ബസിനുള്ളിലെ താപനില ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റവും ഇതിന് ലഭിക്കുന്നു. പാര്‍ട്ടികള്‍ ലൈറ്റിന്റെയും മ്യൂസിക്കിന്റെയും കൂടി ആഘോഷമാണ്. അതുകൊണ്ട് പാര്‍ട്ടി-ഓണ്‍-വീല്‍ ബസില്‍ കസ്റ്റം ലൈറ്റിംഗ്, മ്യൂസിക് സിസ്റ്റം, എല്‍ഇഡി ടെലിവിഷന്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. മേവാര ട്രാവല്‍സിന്റെ ഈ സ്പെഷ്യല്‍ ബസില്‍ ഡ്രസിംഗ് റൂം അറ്റാച്ച്ഡ് വാഷ്റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. മാത്രമല്ല ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഭക്ഷണം റെഡിയാക്കാന്‍ ഒരു കൊച്ചു അടുക്കള പോലും ഇതിനകത്തുണ്ട്. 15 മുതല്‍ 23 വരെ ആളുകള്‍ക്ക് ഈ ബസുകളില്‍ സുഖമായി യാത്ര ചെയ്യാം.
ജന്മദിന പാര്‍ട്ടികള്‍, വിവാഹ പാര്‍ട്ടികള്‍, ബാച്ചിലര്‍ പാര്‍ട്ടികള്‍, ലേഡീസ് ഒണ്‍ലി പാര്‍ട്ടികള്‍ എന്നിവയടക്കമുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമാണ് 'പാര്‍ട്ടി ഓണ്‍ വീല്‍സ്' ബസുകള്‍ എന്നാണ് മേവാര ട്രാവല്‍സ് പറയുന്നത്. കൂടാതെ ഈ ബസുകള്‍ സിനിമ സ്ക്രീനിംഗുകള്‍ക്കും ഉപയോഗിക്കാം. ചെറിയ സംഘം ആളുകളാണെങ്കില്‍ ഔട്ട്സ്റ്റേഷന് ടൂറുകള്‍ക്കും ഈ ബസ് അനുയോജ്യമായിരിക്കും. യാത്രയ്ക്കിടെ കുലുങ്ങാതിരിക്കാനും എഞ്ചിന് വൈബ്രേഷനുകള്‍ പോലും ക്യാബിനിനുള്ളില്‍ അനുഭവപ്പെടാതിരിക്കാനും തക്ക രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദങ്ങളും അകത്തുള്ളവരെ അലോസരപ്പെടുത്തില്ല.






