അഹമ്മദാബാദ്: കിഡ്നി സ്റ്റോണ്‍ മാറ്റാന്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ കിഡ്നി തന്നെ എടുത്തുമാറ്റി ഡോക്ടര്‍. ഗുജറാത്തിലെ ബാലസിനോറിലുള്ള കെഎംജി ജനറല്‍ ഹോസ്പിറ്റലിലാണ് സംഭവം. രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഗുജറാത്ത് തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.
രോഗിയുടെ ഇടത് കിഡ്നിയാണ് ഡോക്ടര്‍ എടുത്ത് മാറ്റിയത്. ഇതേതുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ രോഗി നാലു മാസത്തിനു ശേഷം മരിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്ന് വന്ന അനാസ്ഥയായതിനാല്‍ ഡോക്ടറെ നിയമിച്ച ആശുപത്രി തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന് ഉത്തരവിടുകയായിരുന്നു. തൊഴിലുടമ വരുത്തുന്ന വീഴ്ചയ്ക്കു മാത്രമല്ല തൊഴിലാളിയുടെ ഭാഗത്തുനിന്ന് വരുന്ന വീഴ്ചയ്ക്കും സ്ഥാപനം ഉത്തരവാദിയാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
'ഉത്തരവാദപ്പെട്ട മേലധികാരി' എന്ന നിലയില്‍ അധികാരി തന്നെ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. 2012 മുതല്‍ 7.5% പലിശയോടെ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു.
വാഘോളി സ്വദേശി ദേവേന്ദ്രഭായ് റാവല്‍ ആണ് ജെഎംജി ആശുപത്രിയിലെ ഡോ.ഷുവുഭായ് പട്ടേലിന്റെ ചികിത്സ തേടിയത്. കടുത്ത നടുവ് വേദനയും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടും മൂലമാണ് ഡോക്ടറെ സമീപിച്ചത്. 2011 മേയില്‍ നടത്തിയ പരിശോധനയില്‍ ഇടത് കിഡ്നിയില്‍ 14 എംഎം വലിപ്പമുള്ള സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തി. മികച്ച സൗകര്യമുള്ള മറ്റെവിടെയെങ്കിലും ചികിത് തേടുന്നതിന് പകരം അതേ ഡോക്ടറുടെ കീഴില്‍ ഓപറേഷന് വിധേയനായി. സെപ്തംബര്‍ 3ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, കിഡ്നി സ്റ്റോണിനു പകരം കിഡ്നി തന്നെ എടുത്തു മാറ്റിയെന്നും രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതെന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു.
ശാസ്ത്രക്രിയ കഴിഞ്ഞിട്ടും മൂത്ര തടസ്സം നീങ്ങിയില്ലെന്നു മാത്രമല്ല, പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. ഇതേതുടര്‍ന്ന് അഹമ്മദാബാദിലെ ഐകെഡിആര്‍സി ആശുപത്രിയിലേക്ക് മാറ്റുകയും 2012 ജനുവരി എട്ടിന് രോഗി മരണമടയുകയും ചെയ്തു.
ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി രോഗിയുടെ ഭാര്യ മീനാബെന് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഡോക്ടറും ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 11.23 ലക്ഷം രൂപ നല്കാന് കമ്മീഷന് നിര്‍ദേശിക്കുകയായിരുന്നു.






