
മുംബൈ: നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് വീണ്ടും രംഗത്തെത്തി. ഐആര്‍എസ് ജോലിക്ക് വേണ്ടി പട്ടികജാതി വിഭാഗമാണെന്ന് കാണിക്കാന്‍ സമീര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും മുംബൈയിലെ കപ്പലല്‍ നടന്ന റെയ്ഡിനിടെ രാജ്യാന്തര ലഹരി മാഫിയയില്‍ ഉള്‍പ്പെടുന്ന കുറ്റവാളിയെ വിട്ടയച്ചുവെന്നും മന്ത്രി ആരോപിക്കുന്നു.
സമീര്‍ വാങ്കെഡെയുടെ ആദ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് നവാബ് മാലിക്ക് ആരോപണം ഉന്നയിച്ചത്. സമീര്‍ ദാവുഡ് വാങ്കെഡെയെ തുറന്നുകാണിക്കാനാണ് താനിത് ചെയ്യുന്നത്. അല്ലാതെ അദ്ദേഹത്തിന്റെ മതം അറിയിക്കാനല്ല. ഐആര്‍എസ് ജോലിക്ക് വേണ്ടി പട്ടിക ജാതി വിഭാഗത്തില്‍പെട്ടയാളാണെന്ന് കാണിക്കുന്ന രേഖയുണ്ടാക്കിയെന്നും നവാബ് മാലിക്ക് ട്വീറ്ററിലുടെ ആരോപണം ഉന്നയിച്ചു.
ആര്യനെതിരായ കേസില്‍ ഇലക്ട്രോണിക് തെളിവുകള്‍ പുറത്തുവിടാന്‍ എന്‍സിബി തയ്യാറാകണം. സമീര്‍ വാങ്കെഡെ, പ്രഭാകര്‍ സെയില്‍, കിരണ്‍ ഗോസാവി, വാങ്കെഡെയുടെ ഡ്രൈവര്‍ മനെ എന്നിവരുടെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡുകള്‍ വിജിലന്‍സ് കമ്മിറ്റി പുറത്തുവിടാന്‍ തയ്യാറാകണം. ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും.
ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുടെ കോള്‍ രേഖകള്‍ പരിശോധിച്ചതും നവാബ് മാലിക്ക് ചൂണ്ടിക്കാട്ടി. അവരാരും അറസ്റ്റിലായിരുന്നില്ല. അക്കാര്യം ശ്രദ്ധിക്കണം. കൂടാതെ അന്നത്തെ മാലിദ്വീപ് യാത്രയെ കുറിച്ചും അന്വേഷിച്ചാല്‍ എല്ലാ കാര്യങ്ങളും വ്യക്തമാകും.
താന്‍ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവിട്ട സമീറിന്റെ ജനന സര്‍ട്ടിഫിക്കറ്റും തെറ്റാണെന്ന് തെളിയിച്ചാല്‍ വഹിക്കുന്ന എല്ലാ പദവികളും രാജിവയ്ക്കാം. സമൗര് വാങ്കെഡെ രാജിവയ്ക്കാന്‍ താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ നിയമം അനുസരിച്ച് തന്നെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടും. ആര്യനെ ഈ കേസില്‍ കുടുക്കിയതാണ്. സമീര്‍ വാങ്കെഡെയ്ക്ക് ജോലി നഷ്ടപ്പെടും. അത് താന്‍ ഉറപ്പുപറയുന്നു. - അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ, ആര്യന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. വിധി കേള്‍ക്കാന്‍ ഷാരൂഖ് ഖാന് ഇന്ന് കോടതിയില്‍ എത്തുമെന്നാണ് സൂചന.
സമീര്‍ വാങ്കെഡെയ്ക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കുന്ന അഞ്ചംഗ എന്‍സിബി വിജിലന്‍സ് യൂണിറ്റ് മുംബൈയിലെ എന്‍സിബി ഓഫീസില്‍ എത്തി.







Comments