
അറ്റ് ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയതായി റിപ്പോർട്ടുകൾ. ഷാരൂഖ് ഖാന് നായകനായി എത്തുന്ന ചിത്രത്തിൽ നയൻസിന് പകരം സാമന്ത എത്തിയേക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വാർത്തയിൽ അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുണെയില്‍ ആരംഭിച്ചിരുന്നു. ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെതുടർന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നീണ്ടു പോവുകയാണ്. ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ഡേറ്റിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാലാണ് നയൻതാര ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുകയെന്നും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുകയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാനാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ഷാരൂഖ് ചിത്രം.






