എല്ലാവര്ക്കും ഒരു ഒപ്പുണ്ട്. എന്നാല്‍ വെറൈറ്റി എന്ന് പറയുന്നത് ഇതാണ്. മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും സെക്രട്ടറിയുമായ ജയന്റെ ഒപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ ലളിതമായി ചിത്ര ഭംഗിയില്‍ ഒപ്പിടുന്ന രഹസ്യമാണിത്. 'വരയ്ക്കാന്‍ കഴിവുണ്ടെന്നു കരുതി ഇത്രേം അഹങ്കാരം പാടില്ല' എന്ന അടിക്കുറിപ്പോടെയാണ് ഇപ്പോള്‍ ജയന്റെ ഒപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്ക്വെച്ചിരിക്കുന്നത്..
ജയന് എന്നെഴുതി എം.കെ എന്ന ഇനീഷ്യല്കൂടി ചേര്‍ക്കണം അത് നിര്‍ബദ്ധം ആണ്. എം.കെ ജയന് ഔദ്യോഗിക രേഖകളില്‍ ഒന്നില്‍ പകര്‍ത്തിയ ഒപ്പാണ് ആരോ ഒരാള്‍ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.
ജോലിയുടെ ഭാഗമായി ദിവസേന അനേകം ഒപ്പിടേണ്ടി വരാറുണ്ട്. എന്നാലും ആ ഒപ്പുകളെല്ലാം ഒരുപോലെയിരിക്കും. ഒപ്പ് എല്ലാവരെയും ആകര്‍ഷിക്കുന്നതായതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ശ്രദ്ധിക്കാറുണ്ട്. മറ്റുളളവരെപ്പേലെ എപ്പോഴും ഒപ്പ് മാറ്റുന്ന ശീലം ഇല്ലന്നും ഒരൊറ്റ ഒപ്പേയുളളുവെന്നും ജയന് പറയുന്നു.
ഏത് ചെറിയ കോളത്തിലിടാനും തനിക്കീ ഒപ്പു തന്നെ മതിയെന്നാണ് ജയന്റെ തീരുമാനം. ''പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടീച്ചറുടെ നിര്‍ദേശപ്രകാരം ഒപ്പിടാന്‍ ശ്രമിച്ചത്. വെറുതെ പേരെഴുതി അടിയില്‍ ഒരുവരവരച്ചൊരു ഒപ്പിടരുതെന്നും നാളെ ഒപ്പിട്ടു പഠിച്ചുവരണമെന്നും അന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. അന്ന് അല്പം ചിത്രംവരയൊക്കെയുണ്ടായിരുന്നതിനാല് പരമാവധി നല്ലരീതിയില്‍ ഒപ്പിട്ടു’’. ജയന് ഒപ്പിട്ടു തുടങ്ങിയ കഥ ഇങ്ങനെയായിരുന്നു.
ചിത്രരചന മാത്രമല്ല ജയനുളളത് കവിതയും രചിക്കാറുണ്ട്. 'കുപ്പടി' എന്ന പേരിലാണ് അവ പ്രസിദ്ധീകരിക്കുന്നത്. ഒപ്പിനെച്ചുറ്റിയുളള ട്രോളുകളും കമന്റുകളും ജയനും കുടുംബവും ആസ്വദിക്കുന്നുണ്ടെന്നും കൊറോണ വൈറസിനുശേഷം വൈറലായത് തന്റെ ഒപ്പാണെന്നും തമാശരൂപേണ ജയന് പറഞ്ഞു.
മൂലങ്കാവ് ഹൈസ്കൂള്‍ അധ്യാപികയാണ് ജയന്റെ ഭാര്യ മിനി. യുവ കവികളില്‍ ശ്രദ്ധേയനായ ദ്രുപദ് ഗൗതമും മൗര്യ ചിന്മയിയുമാണ് മക്കള്‍.






