
നടന് ജോജുവിന്റെ പഴയ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിച്ചത് ഇന്നലെ വന്‍ ചര്‍ച്ചയായിരുന്നു. ഓട്ടോ മൊബൈല്‍ വ്ളോഗറായ ബൈജു. എന്‍. നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയുടെ ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സംസാരത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിനുണ്ടായിരുന്ന വാഹനത്തെക്കുറിച്ച് ബൈജു ചോദിക്കുമ്പോള്‍, 'പെട്രോളടിക്കാന്‍ കാശില്ലാഞ്ഞിട്ട് ആ വണ്ടി വിറ്റു' എന്ന താരം നല്കിയ മറുപടിയാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതേസമയം ജോജുവിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു. ഇന്നലെ നടന്ന കോണ്‍ഗ്രസിന്റെ റോഡുപരോധത്തെ നടന് ജോജു ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ജോജുവിന്റെ കൈയ്ക്കും പരിക്കേറ്റിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായിരിക്കുന്നത്.






