
കോട്ടയം : ഇന്ധന വിലവര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ നടന് ജോജു ജോര്‍ജിനെതിരേ ആഞ്ഞടിച്ച പി.സി. ജോര്‍ജിനു പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍. ജോജുവിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളും മടിച്ചപ്പോഴായിരുന്നു ജോര്‍ജിന്റെ രംഗപ്രവേശം.
കോണ്‍ഗ്രസിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ജോജു ഇപ്പോള്‍ ആശുപത്രിയിലാകുമായിരുന്നു എന്ന പ്രഖ്യാപനം ജോര്‍ജിനു കോണ്‍ഗ്രസ് സൈബര്‍ കേന്ദ്രങ്ങളില്‍ ഹീറോ പരിവേഷമാണു നല്‍കിയത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് ജോജുവിനെ പരസ്യമായി വിമര്‍ശിച്ചെങ്കിലും വഴിതടയല്‍ സമരങ്ങളോടു വ്യക്തിപരമായി എതിര്‍പ്പാണെന്നു സതീശന് പ്രഖ്യാപിച്ചതോടെ സൈബര്‍ പോരാളികള്‍ക്ക് ഒന്നും മിണ്ടാനാകാത്ത സ്ഥിതിയായിരുന്നു. അവിടെയാണു പി.സി. ജോര്‍ജ് അവര്‍ക്കു താങ്ങായത്. "കോണ്‍ഗ്രസുകാര്‍ തന്റേടമുള്ള ഒരു സമരം നടത്തിയതിന് അവരെ അഭിനന്ദിക്കുകയാണു വേണ്ടത്. അവരിങ്ങനെയൊന്നും മുന്‍പ് ചെയ്തിട്ടില്ല. ഇതിനെ അംഗീകരിച്ചേ പറ്റൂ. ജോജു ചുമ്മാ ഷോ ഇറക്കാന്‍ വന്നതാണ്. ഇയാള്‍ മാളയില്‍ സി.പി.എമ്മിനു വേണ്ടി മത്സരിക്കാന്‍ പോകുന്നെന്നൊക്കെ കേട്ടിരുന്നു.
അയാള്‍ ചുമ്മാ ആളാകാന്‍ ഷോ ഇറക്കിയതാണ്."- എന്നിങ്ങനെ പോയി ജോര്‍ജിന്റെ ആക്രമണം. ഈ വാക്കുകള്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്.ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. യു.ഡി.എഫിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നു ജോര്‍ജ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യം ജോര്‍ജിന്റെ യു.ഡി.എഫ്. പ്രവേശനത്തിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു വിലയിരുത്തല്‍
ഷാലു മാത്യു






