
തിയേറ്റര്‍ ഉടമസ്ഥരുടെ സംഘടനയായ ഫിയോക്കിന്റെ എതിര്‍പ്പു പൂര്‍ണ്ണമായും മറികടന്നു 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഇതേ തുടര്‍ന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിക്കുമെന്നും തീരുമാനം അറിയിക്കുമെന്നും പറഞ്ഞു. കേരളത്തിലെ 200 ഓളം തിയേറ്ററുകള്‍ ഫിയോക്കിന്റെ കീഴിലുണ്ടെന്നും സിനിമ പ്രവര്‍ത്തകര്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനു തയാറല്ലന്നും സിനിമ പ്രദര്‍ശനത്തെ തുടര്‍ന്നുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞു.
ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ മരക്കാര്‍ അടഞ്ഞ അധ്യായമാണെന്നു പ്രതികരിച്ചു. ബഷീറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏതു തിയേറ്ററുകളില്‍ സിനിമ പ്രദര്ശിപ്പിക്കാമെന്നു തീരുമാനിക്കാം. അതു അയാളുടെ അവകാശമാണെന്നു വിജയകുമാര്‍ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ നിന്നു രാജിവെച്ചതില്‍ കൂടുതലൊന്നും പറയാനില്ലെന്നും തീരുമാനത്തില്‍ നിന്നു പിന്നോട്ടിലെന്നും വിജയകുമാര്‍ പറഞ്ഞു.






