പ്രമോഷന്റെ ഭാഗമായി ദൂല്‍ഖര്‍ നായകനാകുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയിലര്‍ ഇന്നലെ രാത്രി ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് ഒരിക്കലും ജീവിതത്തില്‍ മറക്കാന്‍ ആകാത്ത നിമിഷമാണെന്ന് ദുല്‍ഖര്‍ സല്മാന്.
ദുബായില്‍ ഒരുപാട് നാള് ജോലി ചെയ്തിരുന്ന ആളാണ് താന്‍. അന്ന് ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു അഭിമാന നിമിഷം തന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്ന് ദൂല്‍ഖര്‍ ഒരുപാട് സന്തോഷത്തോടെ പറഞ്ഞു.
അസാധ്യ വരവേല്പ്പാണിതെന്നും ഇത് സാധ്യമാക്കിയ ഫാര്‍സ് ഫിലിംസിനും ബുര്‍ജ് ബുര്‍ജ് ഖലീഫയ്ക്കും റീല്‍ സിനിമാസിനും നന്ദിയെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം കേരളത്തില്‍ മാത്രം നൂറിലധികം തിയറ്ററുകളിലേക്കാണെത്തുക.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറു പ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കുമാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.






