
വടകര: അത്യാഹിതങ്ങള്ക്കുവേണ്ടി മാത്രം വിളിക്കേണ്ട ഫയര്‍ ഫോഴ്സിന്റെ 101 എന്ന നമ്പരിലേക്ക് അനാവശ്യമായി വിളിച്ചാല്‍ ഇനിമുതല്‍ പോലീസിന്റെ പിടിവീഴും.
കഴിഞ്ഞ ദിവസം വടകര ഫയര്‍ സ്റ്റേഷനിലേക്ക് നിരന്തരമായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്ന പുറമേരി സ്വദേശി ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുമ്പോള്‍ ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയുണ്ടായി. ഉദ്യോഗസ്ഥര്‍ പല തവണ താക്കീത് നല്‍കിയിട്ടും യുവാവ് ഫോണ്‍ വിളി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതേത്തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സൈബര്‍ ടീമിന് പരാതി നല്കി. അടുത്തദിവസം തന്നെ പോലീസ് യുവാവിനെ പിടിക്കുകയുണ്ടായി. ഇനി ആവര്‍ത്തിക്കില്ലെന്നും കേസെടുക്കരുതെന്നും ഓഫീസറോട് അപേക്ഷിച്ചു. തുടര്‍ന്ന് യുവാവിനെ താക്കീതോടെ പറഞ്ഞുവിടുകയായിരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 101 എന്ന നമ്പരിലേക്ക് ഇത്തരം അനാവശ്യ കോളുകള്‍ വരുന്നതിലൂടെ നഷ്ടമാകുന്നത് വിലക്കപ്പെട്ട ജീവനുകളാണ്. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും കുട്ടികള്‍ക്ക് കളിക്കാന്‍ ഫോണ്‍ നല്‍കരുതെന്നും വടകര ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ കെ.അരുണ്‍ പറഞ്ഞു.






