
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യആശുപത്രികളില് കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീല്ഡ് വാക്സിന്. മെഡിക്കല് സര്വീസസ് കോര്പ്പറേഷന് വഴി സംസ്ഥാന സര്ക്കാര് വിതരണം ചെയ്ത വാക്സിനും ഇതിലുള്പ്പെടും. സംസ്ഥാനസര്ക്കാരിനോടും നിര്മാതാക്കളായ സിറം ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയോടും വാക്സിന് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. കോവിഷീല്ഡ് വാക്സിന്റെ കാലാവധി ആറുമാസമായതിനാല് ഇവ നശിച്ചുപോകാന് സാധ്യതയേറെയാണ്.
കേരള പ്രൈവറ്റ് ഹോസ്പിറ്റല് അസോസിയേഷനുകീഴിലുളള 50 സ്വകാര്യ ആശുപത്രിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീല്ഡ് വാക്സിന് ശേഖരമുളളത്. സര്ക്കാര് ആശുപത്രികളില് സൗജന്യമായും തിരക്കില്ലാതെയും വാക്സിന് ലഭ്യമായതോടെയാണ് സ്വകാര്യആശുപത്രികളില് വാക്സിന് ആവശ്യക്കാര് കുറഞ്ഞത്. സ്വകാര്യ ആശുപത്രികളില് ആയിരത്തിലധികം ഡോസ് വാക്സിന് ദിവസേന വിതരണ ചെയ്തിരുന്നു. എന്നാല് ഇപ്പോഴിത് നൂറില് താഴെയായി കുറഞ്ഞു.
വാക്സിന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല് അസോസിയേഷന് സംസ്ഥാന സര്ക്കാരിന് കത്തുനല്കിയിട്ടുണ്ട്. സിറം ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പ്രതിനിധികളുമായും ഇക്കാര്യം ചര്ച്ച ചെയ്തു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. അന്വര് എം. അലി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ കോവിഷീല്ഡ് ശേഖരം (ജില്ല തിരിച്ച്)
തിരുവനന്തപുരം 9150
പത്തനംതിട്ട 6400
കൊല്ലം 460
ഇടുക്കി 4500
കണ്ണൂര് 3000
കാസര്കോട് 4930
കോട്ടയം 22,000
കോഴിക്കോട് 20,760
എറണാകുളം 1,26,600
മലപ്പുറം 80
പാലക്കാട് 7060
തൃശ്ശൂര് 31,680
വയനാട് 2500
ആലപ്പുഴ 1040
ആകെ 2,40,160







Comments