
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലുള്ള പുതിയ ആക്ഷന്‍ പ്രോജക്ടിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആക്ഷന്‍ ചിത്രമാണ് നിര്‍മ്മിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ആക്ഷൻ ഫ്രാഞ്ചൈസിയില്‍ പിറക്കുന്ന ആദ്യ സിനിമയുടെ പേര് യോദ്ധയെന്നാണ്, നായകനാകുന്നത് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ പങ്കുവച്ച് കരണ്‍ എഴുതിയത്, ‘‘2022 നവംബർ 11-ന് നിങ്ങളുടെ സ്ക്രീനുകൾ ഹൈജാക്ക് ചെയ്യാൻ വരുന്നു. സംവിധാനം ചെയ്തത് സാഗർ ആംബ്രെയും പുഷ്കർ ഓജയും. കാത്തിരിക്കുക, കാരണം ഞങ്ങളുടെ നായികമാരെ ഉടൻ പ്രഖ്യാപിക്കും’’ എന്നാണ്.
മോഷൻ പോസ്റ്ററിൽ, സിദ്ധാർത്ഥ് മൽഹോത്ര ഒരു വിമാനത്തിൽ ഫൈറ്റർ ഗൺ പിടിച്ച് മുറിവേറ്റ നിലയിൽ രോഷത്തോടെ നിൽക്കുന്നതു കാണാം. വിമാനം തട്ടിക്കൊണ്ടുപോകൽ കഥയെ ആസ്പദമാക്കിയുള്ളതാണെന്ന് തോന്നുന്നു. പ്രൊഡക്ഷൻ ഹൗസ് പറയുന്നതനുസരിച്ച്, ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകും, അവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കും.
ധർമ്മ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ആക്ഷൻ ഫിലിം ഫ്രാഞ്ചൈസിയില്‍ ആര് നായകനാകും എന്നുള്ള ഊഹാപോഹങ്ങള്‍ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് ആണെന്ന് അറിഞ്ഞതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്. ആവേശഭരിതനായ സിദ്ധാർത്ഥ് മൽഹോത്രയും, ‘‘ധർമ്മ പ്രൊഡക്ഷൻസിന്റെ ആക്ഷൻ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ #യോദ്ധ അവതരിപ്പിക്കുന്നു’’ എന്ന് ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മറ്റൊരു ചിത്രം രശ്മിക മന്ദാനയ്ക്കൊപ്പം ‘മിഷൻ മജ്നു’വാണ്.






