
അമ്മ അനുപമ അറിയാതെ കുട്ടിയെ ദത്ത് നല്കിയ കേസിൽ ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കേരളത്തില്‍നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ വൈകിട്ട് ആറുമണിയോടെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും.
ഇതിനിടെ ദത്തുകേസില്‍ ലൈസന്‍സിന്റെ വിവരങ്ങള്‍ നല്‍കാത്തതിന് ശിശുക്ഷേമ സമിതിക്ക് വീണ്ടും കോടതിയുടെ വിമര്‍ശനം. അതേസമയം ഈ വിഷയത്തില്‍ ഇതുവരെ സി.ഡബ്ല്യൂ.സി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) നടത്തിയ അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി.
ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടുന്ന നാലംഗ ഉദ്യോഗസ്ഥസംഘമാണ് ആന്ധ്രാപ്രദേശില്‍ എത്തിയത്. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡി.എന്‍.എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ ഫലം വരും. ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി നടപടികള്‍.






