
ന്യൂഡല്‍ഹി: കേരളത്തില്‍ കൃഷിക്കും ജനങ്ങളുടെ ജീവനും ഭീക്ഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നിയന്ത്രണമില്ലാതെ കാട്ടുപന്നിവേട്ട അനുവദിക്കാനാകില്ലെന്നും വേട്ട അനുവദിച്ചാല്‍ ഗുരുതരമായ പ്രശ്നമുണ്ടാകുമെന്നും കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു.
കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി നല്‍കുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയാണ് വനംമന്ത്രി എ.കെ ശശീന്ദ്രന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുവാദം നല്കിയാല് ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത്.
മുന്‍പും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ചില കാര്യങ്ങളില്‍ വിശദീകരണം തേടി കേന്ദ്രം തള്ളിയിരുന്നു. കേരളത്തിന് മറ്റ് സഹായങ്ങള്‍ നല്കാന് കഴിയുമോ എന്നും പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.






