
നിശ്ചയദാര്‍ഢ്യത്തിന്റെ നിയമ-സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വന്തം കുഞ്ഞിനെ മാറോടണയ്ക്കുമ്പോള്‍ അനുപമയും അജിത്തും ആഹ്ളാദത്തിന്റെ കൊടുമുടിയില്‍. അവിവാഹിതയായിരിക്കേ അമ്മയായതിന്റെ പേരില്‍ ഇതുവരെ നേരിടേണ്ടിവന്ന യാതനകള്‍ അനുപമ വിവരിച്ചതിങ്ങനെ:
ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴും ഗര്‍ഭഛിദ്രത്തിനു താത്പര്യമില്ലായിരുന്നു. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു തീരുമാനം. ഏറെ കഷ്ടതകള്‍ സഹിച്ചു. അച്ഛന് ജയചന്ദ്രന് അജിത്തിനോടുള്ള പക മാറുന്നതുവരെ ഗര്‍ഭവിവരം രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഗര്‍ഭം മൂന്നുമാസമായപ്പോള്‍ സ്വതവേയുള്ള വണ്ണം വീണ്ടും വര്‍ധിച്ചു. ഇതിനിടെ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ പുറത്തേക്കുള്ള യാത്രകളും തടസപ്പെട്ടു.
ഗര്‍ഭിണിയെന്നറിയാതെ, വണ്ണം കുറയ്ക്കാന്‍ അമ്മ കൂടുതല്‍ പണിയെടുപ്പിച്ചുതുടങ്ങി. രാവിലെയും വൈകിട്ടും ജ്യൂസും ഉച്ചയ്ക്കു പുട്ടും മാത്രമായിരുന്നു ഭക്ഷണം. രാവിലെ ചര്‍ദി പതിവായപ്പോള്‍ ഭക്ഷ്യവിഷബാധയെന്നു കരുതി വീട്ടുകാര്‍ മരുന്ന് വാങ്ങിത്തന്നു. കോവിഡ് കാലമായതിനാല്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയില്ല. മരുന്ന് കഴിച്ചിട്ടും ഛര്‍ദി നിലച്ചില്ല. ആരും കാണാതെ ഛര്ദിക്കാന് പാടുപെട്ടു. ഗര്‍ഭകാലത്തെ ആകുലതകള്‍ മറച്ചുവച്ചു. രഹസ്യമായി അജിത്തുമായി ബന്ധപ്പെട്ടിരുന്നു. ഇടയ്ക്ക് ഭക്ഷണവും മരുന്നുമൊക്കെ അജിത്ത് എത്തിച്ചിരുന്നു. അയണ്‍, ഫോളിക് ആസിഡ് ഗുളികകളൊക്കെ അങ്ങെന കഴിച്ചു.
അഞ്ചാംമാസത്തിലാണ് ആദ്യമായി ഗൈനക്കോളജിസ്റ്റിനെ കണ്ടത്. ദമ്പതികളായാണു കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പോയത്. സഹോദരിയുടെ വിവാഹേവളയില് വീട്ടുകാര്‍ വിവരമറിഞ്ഞതോടെ പ്രശ്നങ്ങള്‍ തുടങ്ങി. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചു. ഗര്‍ഭഛിദ്രത്തിന് അച്ഛന് ജയചന്ദ്രന് ശ്രമിച്ചെങ്കിലും എതിര്‍ത്തുനിന്നു. അച്ഛന്റെ സുഹൃത്തുക്കളായ ഡോക്ടര്‍ ദമ്പതിമാരില്‍ ഒരാള്‍ ഗൈനക്കോളജിസ്റ്റാണ്. അവരുടെ ഒത്താശയോടെ കായംകുളത്തെ ഒരു സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ സിസേറിയന് നടത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തു.
വയറ്റില്‍ ചവിട്ടാനൊരുങ്ങി; കുഞ്ഞിനെ കൊല്ലുമെന്നു പറഞ്ഞു
ചേച്ചിയുടെ കല്യാണം കഴിഞ്ഞാലുടന്‍ കുഞ്ഞിനെ തിരികെത്തരാമെന്ന് അമ്മ വാക്കുപറഞ്ഞിരുന്നു. തുടര്‍ന്ന് കാട്ടാക്കടയിലെ സ്വകാര്യാശുപത്രിയിലേക്ക്. അവിെട പരിശോധിച്ചപ്പോഴും കോവിഡ് പോസിറ്റീവായതിനാല്‍ സിസേറിയനു സമ്മതിച്ചു. 2020 ഒക്ടോബര്‍ 19-നായിരുന്നു അത്. ഐ.സി.യുവില്‍ കിടക്കുമ്പോള്‍ നഴ്സിനോട് അജിത്തിനെ വിളിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടു. അവരത് അമ്മയെ അറിയിച്ചു. പിറ്റേന്നു വൈകിട്ട് മുറിയിലേക്കു മാറ്റി. രണ്ടുദിവസം കുഞ്ഞിനൊപ്പം കഴിഞ്ഞു. അമ്മയായിരുന്നു കൂട്ട്. മൂന്നാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഒക്ടോബര്‍ 15-നുതന്നെ ഒരു കടലാസില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. വായിച്ചുനോക്കണമെന്നു ശാഠ്യം പിടിച്ചപ്പോള്‍ അച്ഛന് അടിച്ചു. മതിലിനോടു ചേര്‍ത്തുനിര്‍ത്തി വയറ്റില്‍ ചവിട്ടാനൊരുങ്ങി. കുഞ്ഞിനെ കൊല്ലുമെന്നു പറഞ്ഞു. സഹികെട്ട് കടലാസില്‍ ഒപ്പിട്ടുകൊടുത്തു. കുഞ്ഞിനെ വളര്‍ത്താന്‍ പ്രാപ്തയല്ല, അതിനാല്‍ ശിശുക്ഷേമസമിതിക്കു കൈമാറുന്നു എന്നാണതില്‍ എഴുതിയിരുന്നതെന്നു മാസങ്ങള്‍ക്കുശേഷമാണ് അറിഞ്ഞത്. ബഹളംവച്ചപ്പോള്‍ മര്‍ദനവും വഴക്കുമായി.
ആശുപത്രിയില്‍നിന്നു തിരികെയുള്ള യാത്രയ്ക്കിടെയാണ് അച്ഛന് കുഞ്ഞിനെ കൊണ്ടുപോയത്. പിന്നീട് അമ്മയും അച്ഛനൊപ്പം പോയി. തന്നെ തൊടുപുഴയില്‍ അമ്മയുടെ വീട്ടിലേക്കു മാറ്റി. നാടുകടത്തി. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ കുട്ടിയെ കിട്ടില്ലെന്നുറപ്പായി. അജിത്തിന്റെ കൂടെപ്പോകുമെന്നു പറഞ്ഞു. ആത്മഹത്യ ചെയ്തോളാനും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയിലാക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. അപ്പോഴേക്ക് അജിത്ത് വിവാഹമോചിതനായിരുന്നു. ജീവനു ഭീഷണിയുയര്ന്നതോടെയാണു കഴിഞ്ഞ മാര്‍ച്ച് 19-നു തൊടുപുഴയിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. കോട്ടയത്ത് എത്തിയശേഷം അജിത്തിനെ വിളിച്ചു. തിരുവനന്തപുരത്തെത്തിയശേഷം അജിത്തിന്റെ വീട്ടില്‍പ്പോകാതെ മാറിനിന്നു. ഇതിനിടെ തന്നെ കാണാനില്ലെന്നു പറഞ്ഞ് അച്ഛന് പോലീസില്‍ പരാതിപ്പെട്ടു. സ്വയം ഹാജരായി കുഞ്ഞിനെക്കിട്ടാന് ശ്രമമാരംഭിച്ചപ്പോള്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.
കുഞ്ഞിനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടു പേരൂര്‍ക്കട പോലീസില്‍ പരാതിപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെയാവശ്യപ്പെട്ടും പരാതി നല്കി. ശിശുക്ഷേമസമിതിക്കും പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വൃന്ദാ കാരാട്ടിനും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ചെന്നു കഴിഞ്ഞ ഓഗസ്റ്റിലാണ് അച്ഛന് പോലീസിനെ അറിയിച്ചത്. അന്നേദിവസം സമിതിയില്‍ കിട്ടിയ രണ്ടാമത്തെ കുട്ടിയുടെ ഡി.എന്‍.എ. പരിശോധന നടത്തിയപ്പോള്‍ മിസ്മാച്ചായിരുന്നു. അതും തട്ടിപ്പായിരുന്നു. ആണ്‍കുട്ടിയെ പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തിയതും കുതന്ത്രമായിരുന്നെന്ന് അനുപമ പറയുന്നു.
സി.പി.എമ്മിന് അനുപമ ആര്?
സി.പി.എമ്മിന്റെ കരുത്തനായ നേതാവ് പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അച്ഛന് ജയചന്ദ്രനും പാര്‍ട്ടി നേതാവ്. അമ്മ സ്മിതാ ജെയ്മിസും സഹോദരി അഞ്ജുവുമൊക്കെ പാര്‍ട്ടിക്കാര്‍തന്നെ. കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞടുപ്പില് പേരൂര്‍ക്കട വാര്‍ഡില്‍നിന്ന് അനുപമയെ മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചിരുന്നു. എന്നാല്‍, ബിരുദപഠനം അവസാനവര്ഷത്തിലായിരുന്നതിനാല് വേണ്ടെന്നുവച്ചു.
നിര്മലാഭവനിലായിരുന്നു സ്കൂള്‍ പഠനം. ചെമ്പഴന്തി എസ്.എന്‍. കോളജില്‍ ബി.എസ്സി. ഫിസിക്സിനു പഠിക്കുമ്പോള്‍ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് പേരൂര്‍ക്കട ഏരിയാ ജോയിന്റ് സെക്രട്ടറി. ഡി.വൈ.എഫ്.ഐ. പേരൂര്‍ക്കട മേഖലാ ജോയിന്റ് സെക്രട്ടറിയായിരിക്കേയാണ് അജിത്തിനെ പരിചയപ്പെട്ടത്. അജിത്ത് ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയായിരുന്നു. നഴ്സായിരുന്ന അജിത്ത് നൃത്തപരിശീലകനുമാണ്.
കുട്ടിക്കടത്തിന് രൂക്ഷവിമര്‍ശം
ചട്ടങ്ങള്‍ പാലിക്കാതെ, നിയമവിരുദ്ധമായ കുട്ടിക്കടത്തിനു ശിശുക്ഷേമസമിതിയേയും സി.ഡബ്ല്യു.സിയേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്ഥാപനത്തിന്റെ ദത്ത് ലൈസന്‍സിന്റെ കാലാവധി തീര്ന്നശേഷമാണു കുഞ്ഞിനെ ദത്തുനല്കിയതെന്നു കണ്ടെത്തിയ കോടതി, ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം വിശദമാക്കാനും ഉത്തരവിട്ടു.
കുഞ്ഞ് എങ്ങനെ ശിശുക്ഷേമസമിതിയിലെത്തി എന്നതടക്കമുള്ള വിശദീകരണം മുദ്രവച്ച കവറില്‍ ഹാജരാക്കണം. ദത്തുമായി ബന്ധപ്പെട്ട് വനിതാ-ശിശുവികസനവകുപ്പ് മെമ്പര്‍ സെക്രട്ടറി സമര്‍പ്പിച്ച ഇടക്കാലഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനു ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ ഒക്ടോബര്‍ 23-നാണ് അനുപമ കക്ഷിചേരല്‍ ഹര്‍ജിയും ഡി.എന്‍.എ. പരിശോധനാഹര്ജിയും സമര്‍പ്പിച്ചത്.
2020 ഓഗസ്റ്റ്: അജിത് കുമാറുമായുള്ള ബന്ധത്തില്‍ അനുപമ ഗര്‍ഭം ധരിച്ചതു വീട്ടുകാര്‍ അറിയുന്നു.
2020 സെപ്റ്റംബര്‍: സി.പി.എം അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ അജിത്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നു.
ഒക്ടോബര്‍ 19: കാട്ടാക്കടയിലെ ആശുപത്രിയില്‍ അനുപമ എസ്. ചന്ദ്രന് ആണ്‍കുഞ്ഞിനു ജന്മം നല്കുന്നു.
ഒക്ടോബര്‍ 22: അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്കു കൈമാറുന്നു.
2021 ജനുവരി: അജിത് കുമാര്‍ ആദ്യഭാര്യയില്‍നിന്നു വിവാഹമോചനം നേടുന്നു.
ഫെബ്രുവരി: അനുപമയുടെ സഹോദരിയുടെ വിവാഹം.
മാര്‍ച്ച്: അജിത്തും അനുപമയും ഒരുമിച്ചു താമസമാക്കുന്നു, അനുപമയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നു.
ഏപ്രില്‍ 19: കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന പരാതിയുമായി അനുപമ പേരൂര്‍ക്കട പോലീസിനെ സമീപിക്കുന്നു.
ഏപ്രില്‍: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വീഡിയോ കോളിലൂടെ പരാതി അറിയിക്കുന്നു.
ഏപ്രില്‍ 29: ഡി.ജി.പിക്ക് അനുപമയുടെ പരാതി.
മേയ്: പരാതി കമ്മിഷണര്‍ ഓഫിസിലെത്തുന്നു.
മേയ്: പേരൂര്‍ക്കട പോലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നു.
ജൂലൈ: കുഞ്ഞിനെ ദത്ത് നല്‍കാനായി വിവരങ്ങള്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ ചേര്‍ക്കുന്നു.
ഓഗസ്റ്റ് 7: ആന്ധ്ര ദമ്പതികള്‍ക്കു താല്‍ക്കാലികമായി കുഞ്ഞിനെ ദത്തു നല്കാന് അഞ്ചംഗ ദത്തു നല്കല് സമിതി തീരുമാനിച്ചു.
ഓഗസ്റ്റ് 11: കുഞ്ഞിനെ തിരക്കി അനുപമ ശിശുക്ഷേമസമിതിയില്‍. കണ്ടതു മറ്റൊരു കുഞ്ഞിനെയെങ്കിലും ഡി.എന്‍.എ. പരിശോധന നടത്താന്‍ സി.ഡബ്ല്യു.സിക്ക് അപേക്ഷ നല്കുന്നു.
സെപ്റ്റംബര്‍ 30: ഡി.എന്‍.എ പരിശോധന.
ഒക്ടോബര്‍ 7: സമിതിയില്‍ കണ്ട കുഞ്ഞ് അനുപമയുടേതല്ലെന്നു പരിശോധനാ ഫലം.
ഒക്ടോബര്‍ 15: പരാതിയുമായി അനുപമ മാധ്യമങ്ങള്‍ക്കു മുന്നില്‍.
ഒക്ടോബര്‍ 18: അനുപമയുടെ കുഞ്ഞിന് ഒരു വയസ് തികയുന്നതിന്റെ തലേദിവസം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഒക്ടോബര്‍ 21: വനിതാ കമ്മിഷന് കേസെടുത്തു.
നവംബര്‍ 08: അനുപമ എസ്.ചന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു.
നവംബര്‍ 11: അനുപമയും അജിത്കുമാറും ശിശുക്ഷേമസമിതി ആസ്ഥാന ഓഫിസിനു മുന്പില് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.
നവംബര്‍ 18: അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ഡി.എന്‍.എ പരിശോധനയ്ക്കായി 5 ദിവസത്തിനകം ആന്ധ്രപ്രദേശില്‍നിന്നു കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) ഉത്തരവിട്ടു.
നവംബര്‍ 21: ദത്ത് നല്കിയ കുഞ്ഞിനെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍നിന്നു തിരുവനന്തപുരത്ത് എത്തിച്ചു.
നവംബര്‍ 22: ഡി.എന്‍.എ. പരിശോധനയ്ക്കായി ദത്ത് നല്കിയ കുഞ്ഞ്, അനുപമ, അജിത് കുമാര്‍ എന്നിവരുടെ സാംപിളുകള്‍ ശേഖരിച്ചു.
നവംബര്‍ 23: ഡി.എന്‍.എ പരിശോധന ഫലം വന്നു: കുഞ്ഞിന്റെ മാതാപിതാക്കള്‍ അനുപമയും അജിത്തുമെന്നു തെളിഞ്ഞു.
നവംബര്‍ 24: കുടുംബകോടതിയില്‍ വച്ച് കുഞ്ഞിനെ അനുപമയ്ക്കു കൈമാറി
സുനില്‍ ജെ. സണ്ണി






