
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ ചൊല്ലി പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തില്‍ ലോക്സഭ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വരെ പിരിഞ്ഞപ്പോള്‍ രാജ്യസഭ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവച്ചു. നോട്ട് അസാധുവാക്കലിനെ ഉറി ആക്രമണത്തോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. ആസാദ് രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാവിലെ ബി.ജെ.പി ലോക്സഭയിലെ അംഗങ്ങള്‍ക്ക് വിപ്പുനല്കിയിരുന്നു.
എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂവില്‍ നില്ക്കവേ മരിച്ചവരുടെ എണ്ണം ഉറി ആക്രമണത്തില്‍ നഷ്ടപ്പെട്ടതില്‍ ഏറെയാണെന്ന ഗുലാം നബിയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ബി.ജെ.പിയുടെ മീനാക്ഷി ലേഖിയും മുക്താര്‍ അബ്ബാസ് നഖ്വിയുമാണ് കോണ്‍ഗ്രസിനെതിരെയുള്ള ആയുധമാക്കി ഇത് മാറ്റിയത്. ഇതേചൊല്ലി അനന്ദകുമാറും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും തമ്മില്‍ സഭയില്‍ ചൂടേറിയ വാക്കുതര്‍ക്കവും നടന്നു. എന്നാല്‍ താനല്ല, സര്‍ക്കാരാണ് ജനങ്ങളോട് മാപ്പുപറയേണ്ടതെന്ന് ആസാദ് തിരിച്ചടിച്ചു.
അതിനിടെ, ശ്രീലങ്കന്‍ നാവിക സേന തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്ന പ്രശ്നവുമായി എഐഎഡിഎംകെ അംഗം ഡോ്.ജയവര്ദ്ധന് എഴുന്നേറ്റു. ബഹളത്തിനിടെ സഭ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ സമുത്രാ മഹാജന് അറിയിച്ചു.






