വടകര: ട്രെയിനുളളില്‍ ആവശ്യത്തിന് അണ്റിസര്വ്ഡ് കോച്ചുകള്‍ പുനഃസ്ഥപിക്കാതിനാല് യാത്രക്കാര്‍ ദുരിതത്തില്‍. റിസര്‍വ് കോച്ചുകളില്‍ കുറച്ച് യാത്രക്കാരും വിരലിലെണ്ണാവുന്ന അണ്റിസര്വ്ഡ് കോച്ചുകളില്‍ ഇരട്ടിയിലേറെ യാത്രക്കാരുമാണ് പകല്‍സമയം യാത്രചെയ്യുന്നത്.
90ഓളം സീറ്റുകളാണ് ഒരുകോച്ചിലുളളത്. എന്നാല്‍ അണ്റിസര്വ്ഡ് കോച്ചുകളില്‍ പലപ്പോഴും 200ലേറെ യാത്രക്കാര്‍ സ്ഥിരം സഞ്ചരിക്കാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. സീറ്റ് ബുക്ക് ചെയ്ത് പോകുന്ന യാത്രക്കാര്‍ കുറവായതിനാല്‍ പകല്‍ സമയം റിസര്‍വ്ഡ് കോച്ചുകളില്‍ പകുതി സീറ്റില്‍ പോലും യാത്രക്കാര്‍ ഉണ്ടാവാറില്ല.
കോവിഡ് വ്യാപനത്തിന് മുന്‍പ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള പരശുറാം എക്സ്പ്രസില്‍ 5 റിസര്‍വ്ഡ് കോച്ചുകളും 16 അണ്റിസര്വ്ഡ് കോച്ചുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ട്രെയിനിലിപ്പോള് 15 റിസര്‍വ്ഡ് കോച്ചുകളും 6 അണ്റിസര്വ്ഡ് കോച്ചുകളുമാണുളളത്.
ജനറല്‍ കമ്പാര്‍ട്മെന്റ് യാത്ര അനുവദിച്ചതിന് ശേഷം സീസണ്-ഹ്രസ്വദൂര യാത്രക്കാരെല്ലാം അണ്റിസര്വ്ഡ് കോച്ചുകളിലാണ് കയറുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ മാത്രമാണ് റിസര്‍വ്ഡ് കോച്ചുകളെ ആശ്രയിക്കുന്നത്.
മംഗളൂരു-കോയമ്പത്തൂര്‍ ഇന്റ്ര്സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഉള്‍പ്പടെ പകല്‍ സമയം ആശ്രയിക്കാവുന്ന മറ്റു ട്രെയിനുകളിടെ സ്ഥിതിയും വ്യത്യസ്തമല്ല. കോവിഡ് വ്യാപനത്തിനെതിരെ തുടക്കത്തില്‍ റെയില്‍വേ ശക്തമായ നിലപാടെടുത്തിരുന്നു. എന്നാല്‍, ആവശ്യത്തിന് അണ്റിസര്വ്ഡ് കോച്ചുകള്‍ അനുവദിക്കാതെ റെയില്‍വേ തന്നെ ഇപ്പോള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.






