
‘ഡർ’ ചിത്രത്തില്‍ നടി ജൂഹി ചൗളയുമായി താൻ പ്രണയരംഗത്തിൽ അഭിനയിക്കുന്നതു കണ്ട് മകൻ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സണ്ണി ഡിയോൾ. സ്വകാര്യ ചാനൽ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് മകനും നടനുമായ കരൺ ഡിയോളിന്റെ 'സങ്കടം' സണ്ണി ഡിയോൾ വെളിപ്പെടുത്തിയത്.
‘ഡർ എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം മകൻ കരൺ സെറ്റിലുണ്ടായിരുന്നു. അന്ന് ലൊക്കേഷനിലുണ്ടായിരുന്ന കരൺ എന്റെ ബന്ധുവിന്റെ കയ്യിലിരുന്ന് എന്നെ നോക്കുകയായിരുന്നു. നടി ജൂഹി ചൗളയുമായുള്ള പ്രണയരംഗമാണ് അന്ന് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. ഗാനരംഗത്തിൽ ജൂഹിയെ ഞാൻ കെട്ടിപ്പിടിക്കുന്നതു കണ്ട് കരൺ നിർത്താതെ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു’, സണ്ണി ഡിയോൾ പറഞ്ഞു. നിമിഷങ്ങൾക്കകം സണ്ണി ഡിയോളിന്റെ വെളിപ്പെടുത്തൽ വൈറലായി. കരൺ ഡിയോളിന്റെ കുട്ടിക്കാല ഓർമകൾ ചുരുങ്ങിയ സമയത്തിനകം ചർച്ചാ വിഷയമായി. രസകരമായി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വെളിപ്പെടുത്തലിനു ശേഷം ‘ഡർ’ എന്ന ചിത്രത്തിലെ പ്രണയഗാനം യൂട്യൂബിൽ തിരയുന്നവരുടെ എണ്ണവും കുറവല്ല.






