
ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന അഭിനേത്രിയാണ് സാനിയ ഇയ്യപ്പന്‍. യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരം കൂടിയാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ നൃത്ത വീഡിയോയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോ ശ്രദ്ധ നേടുകയാണ്. ‘കുറുപ്പ്’ സിനിമയിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന പാട്ടിനാണ് ഇരുവരും ചുവടു വയ്ക്കുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയാണ് രണ്ടുപേരും നൃത്തം ചെയ്യുന്നത്.
ഇതിനു മുമ്പും റംസാനൊപ്പമുള്ള നൃത്ത വീഡിയോകള്‍ സാനിയ ഷെയര്‍ ചെയ്തിട്ടുണ്ട്. അന്നും ആരാധകര്‍ അതൊക്കെ സ്വീകരിച്ചിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല’ എന്നതടക്കമുള്ള ഒരുപാട് കമന്റുകള്‍ ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ‘ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.
‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. വളരെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്. ഗ്ലാമറസ്സായി ഫോട്ടോഷൂട്ടിലൊക്കെ പ്രത്യക്ഷപ്പെടാറുള്ള സാനിയ മമ്മൂട്ടി ചിത്രമായ ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.






