
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദ നിലയത്തിന്റെ താക്കോലുകള്‍ അവരുടെ അനന്തരവരായ ദീപ ജയകുമാറിനും ദീപക് ജയകുമാറിനും കൈമാറി. സ്വത്തിനുവേണ്ടിയുള്ള നിയമയുദ്ധത്തില്‍ കോടതി, ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
ജയലളിതയുടെ നിയമപരമായ പിന്തുടര്ച്ചക്കാരായ ഇരുവര്‍ക്കും താക്കോല്‍ കൈമാറണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ചെന്നൈ ജില്ലാ കലക്ടറാണു താക്കോലുകള്‍ കൈമാറിയത്.
താക്കോൽ കൈമാറിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ദീപ പോയസ് ഗാർഡൻ വസതിയിലെത്തി.
ദീപ, ഭർത്താവ് മാധവൻ, അനുയായികൾ എന്നിവർ ജയലളിതയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
"അമ്മായിയുടെ (ജയലളിത) അഭാവത്തിൽ ഇതാദ്യമായാണ് ഞാൻ ഇവിടെ സന്ദർശിക്കുന്നത്. വീട് ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫർണിച്ചറുകൾ നീക്കം ചെയ്തിട്ടുണ്ട്," ദീപ പറഞ്ഞു. ജയലളിതയുടെ വീട്ടിൽ താമസിക്കാനാണ് താത്പര്യമെന്നും ദീപ പറഞ്ഞു.
ജയലളിതയുടെ വസതിയായ വേദനിലയം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി നിയമപരമായ അവകാശികൾക്ക് വിട്ടുനൽകാൻ നവംബർ 24ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വഴിയൊരുക്കിയതിനെ തുടർന്നാണ് താക്കോൽ ദീപയ്ക്ക് കൈമാറിയത്.






