
അര്‍ബുദബാധയെത്തുടര്‍ന്ന് അന്തരിച്ച പിടി തോമസ് ഒരിക്കല്‍ മരണത്തിന്റെ കൈകളില്‍നിന്ന് വഴുതിമാറിയത് തലനാരിഴയ്ക്കാണ്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ സംഭവിച്ച ആ അസാധാരണമായ സംഭവത്തെക്കുറിച്ച് പിന്നീട് പിന്നീട് പി.ടി. മംഗളം ലേഖകന്‍ ജിനേഷ് പൂനത്തുമായി സംസാരിച്ചു. സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ച ആ അനുഭവക്കുറിപ്പിന്റെ പുന:പ്രസിദ്ധീകരണം:
ഓര്‍ക്കാപ്പുറത്ത് നീളുന്ന ഒരു കരസ്പര്‍ശത്തിലൂടെ ജീവിത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ 'ദൈവത്തിന്റെ കൈ' എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കാന്‍ സാധിക്കുക? ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കുടുങ്ങി വേദനയുടെ നിമിഷങ്ങളില്‍ പിടഞ്ഞ മുന്‍ എം.പി: പി.ടി തോമസിനെ ജീവിതത്തിലേക്കു തിരികെ കയറ്റിയതും 'ദൈവത്തിന്റെ കൈ' തന്നെ. കൂകിയാര്‍ത്ത് കുതിച്ചുപായുന്ന മാവേലി എക്സ്പ്രസിലെ ഇരുളൊട്ടിയ കമ്പാര്‍ട്ട്മെന്റില്‍ അര്‍ധരാത്രിയില്‍ ജീവശ്വാസത്തിനായി പിടിഞ്ഞ പി.ടിക്കു രക്ഷകനായത് വെറുതെ വിളിച്ചുകയറ്റിയ സഹയാത്രികന്. ഒരു തീവണ്ടിയാത്രയുടെ നടുക്കുന്ന ഓര്‍മയില്‍നിന്ന് മോചിതനായി വരുമ്പോഴും ഈ യുവ നേതാവിനെ കൂടെക്കൂട്ടാന്‍ തോന്നിയ നിമിഷത്തെ അത്ഭുതത്തോടെയാണോര്ക്കുന്നത്. അദൃശ്യമായ ദൈവത്തിന്റെ സാന്നിദ്ധ്യം ചിലപ്പോള്‍ വാക്കായും സ്പര്ശമായും ഗന്ധമായും അനുഭവിക്കാറുണ്ടെന്നതിന്റെ നേര് സാക്ഷ്യമാണു പി.ടിക്കു ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവം.
മേയ് 26 രാത്രി പതിനൊന്നര. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കിതച്ചുനിന്ന തീവണ്ടിയിലേക്ക് ഒട്ടും കിതപ്പില്ലാതെയാണ് പി.ടി. തോമസ് കയറിയത്. റിസര്‍വേഷന്‍ ടിക്കറ്റ് ഒ.കെയാത്തതിന്റെ വെപ്രാളത്തില്‍ പ്ളാറ്റ്ഫോമില്‍ കിതച്ചുനിന്ന ബാബുറാം എന്ന യുവാവിന്റെ കൈപിടിച്ച് ട്രെയിനിലേക്ക് കയറുമ്പോഴും അദ്ദേഹത്തിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ആലപ്പുഴക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമിനും പി.ടി തോമസിനും പോകേണ്ടിയിരുന്നത് ഒരേ സ്ഥലത്തേക്കാണെന്നത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാകാം... കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി. സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇരുവരുടെയും ലക്ഷ്യം.
പലയിടങ്ങളില്‍ നടന്ന വിവിധ പാര്‍ട്ടിപരിപാടികളില്‍ വച്ച് പി.ടി തോമസ് ബാബുറാമിനെ കണ്ടിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷിനെ ഇത്തിരിവെട്ടത്തില്‍ തിക്കിത്തിരക്കുന്ന ആള്കൂട്ടത്തിനിടയില് ബാബുറാമിന്റെ തലവട്ടം കണ്ടപ്പോള്‍ പി.ടി തോമസ് ഒന്നു ചിരിച്ച് കുശലം പറഞ്ഞതും അതുകൊണ്ടുതന്നെ. പരിചയം പുതുക്കി ട്രെയിനിലേക്ക് നടന്ന പി.ടി. തോമസും ബാബുറാമും അവിടെവച്ച് യാത്ര പറയേണ്ടതായിരുന്നു. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ്. ട്രെയിനില്‍നിന്നിറങ്ങി പ്ലാറ്റ്ഫോമിലെ ചെറുകടയില്‍ തൂക്കിയിട്ട മാസികയിലെയാരെണ്ണം വാങ്ങി തിരിഞ്ഞതു വീണ്ടും ബാബുറാമിന്റെ മുമ്പിലേക്ക്.
ഏത് ട്രെയിനിനാണു കാസര്‍ഗോട്ടേക്ക് വരുന്നതെന്ന പി.ടിയുടെ ചോദ്യത്തിന് അല്‍പ്പം നിരാശ കലര്‍ന്നായിരുന്നു ബാബുറാമിന്റെ മറുപടി. മാവേലിക്കു തന്നെയായിരുന്നു ബാബുറാമും യാത്ര ഉദ്ദേശിച്ചത്. എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഒ.കെയായില്ല. റിസര്‍വേഷനില്ലാതെ കാസര്‍ഗോട്ട് വരെയുള്ള മാവേലിയിലെ രാത്രികാല യാത്ര ദുഷ്ക്കരവുമാണ്.
അടുത്ത വണ്ടിക്ക് കയറി കാസര്‍ഗോട്ടേക്ക് വരാമെന്നു പറഞ്ഞു ബാബുറാം ഒരിക്കല്‍കൂടി പി.ടിയെ യാത്രയാക്കാനൊരുങ്ങി. ബാബുറാമിനെ മറ്റൊരു വണ്ടിക്ക് വരാന്‍ വിട്ട് പി.ടിക്ക് മാവേലി എക്സ്പ്രസില്‍ കയറി യാത്ര തുടരാമായിരുന്നു. പ്രവര്‍ത്തന കാലയളവിനുള്ളില്‍ കണ്ടുമറന്ന ഒട്ടേറെ മുഖങ്ങളില്‍ ഒന്നുമാത്രമെന്ന് നിരീക്ഷിച്ച് ഒഴിഞ്ഞുമാറാമായിരുന്നു. എന്നാല്‍, ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്പ്പാലത്തിനു മുകളിലൂടെ ഇഴഞ്ഞുനീങ്ങുമ്പോള്‍ താങ്ങായിത്തീരേണ്ട കരമാണിതെന്ന് ഉള്ളിന്റെയുള്ളില്‍ ആരോ മൊഴിഞ്ഞുവോ...? ട്രെയിനില്‍ കയറിയിരുന്ന പി.ടിക്ക് ബാബുറാമിനെ കൂടെക്കൂട്ടാന്‍ തോന്നിയതും യാദൃശ്ചികമായേക്കാം. തുടര്‍ന്നുള്ള സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ പക്ഷേ, ദൈവത്തിന്റെ ഇടപെടലാണെന്നു കരുതുന്നതിലും തെറ്റില്ല. എന്തായാലും പി.ടി ട്രെയിനില്നിന്നിറങ്ങിവന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഊളിയിടാനൊരുങ്ങിയ ബാബുറാമിനെ തട്ടിവിളിച്ച് കൂടെപ്പോരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എം.പി എന്ന നിലയ്ക്ക് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരാളെകൂടെ ഒപ്പം കൊണ്ടുപോകാനുള്ള അവകാശമാണ് പി.ടി ഉപയോഗപ്പെടുത്തിയത്. കമ്പാര്‍ട്ട്മെന്റില്‍ കയറിയപാടെ പി.ടി ബര്‍ത്തിലേക്ക് കിടന്നു. കാസര്‍ഗോട്ടെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞു തലേദിവസം പാലായിലേക്ക് തിരിച്ച് അളിയന്റെ അമ്മയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് രാത്രി ട്രെയിനിന് കാസര്‍ഗോട്ടേക്ക് മടങ്ങുന്ന പി.ടിക്ക് ഉറക്കക്ഷീണം ഏറെയായായിരുന്നു. പിറ്റേന്ന് കല്ല്യാശേരിയിലും പയ്ന്നൂരിലും കോയണ്ഗ്രസ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനുമുണ്ട്. കമ്പാര്ട്ട്മെന്റിലെത്തുന്ന ടിക്കറ്റ് പരിശോധകനെ കാത്ത് ബാബുറാം സീറ്റിലിരുന്നു.
ഇടുക്കി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കാനാണ് പി.ടി തോമസ് വണ്ടികയറിയത്. രാഷ്ട്രീയ കേരളം തെരഞ്ഞെടുപ്പു കാലത്ത് ഏറെ ചര്‍ച്ചചെയ്തതാണ് പി.ടിയ്ക്ക് സീറ്റ് നിഷേധിച്ചതും ഇതിനു കാരണമായ ഹൈറേഞ്ച് സമരപരമ്പരകളും. കാസര്‍ഗോഡ് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വേറെയാണെന്ന് അറിയാവുന്ന പി.ടി ഇതെല്ലാം മനസില്‍ കൂട്ടിവച്ചാണ് യാത്ര തുടരുന്നത്. ഒപ്പം, മനസോട് ചേര്‍ത്ത് നിര്‍ത്തിയ ഹൈറേഞ്ചിന്റെ വഴിയിറങ്ങി പോരേണ്ടിവന്നതിന്റെ നൊമ്പരവും വല്ലാതെ അലട്ടി.
രാത്രി പന്ത്രണ്ടു കഴിഞ്ഞിട്ടുണ്ടാകും. തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലുരയുന്ന ശബ്ദം പി.ടിയെ അസ്വസ്ഥമാക്കി. ചക്രത്തിന്റെ താളത്തിനൊത്ത് ഹൃദയമിടിപ്പ് ചടുലമാകുന്നതു ഞെട്ടലോടെ പി.ടി തിരിച്ചറിഞ്ഞു. ഉയര്‍ന്നുതാഴുന്ന നെഞ്ചിന് കൂടിനകത്ത് ഹൃദയം പൊട്ടിത്തെറിക്കാന്‍ വെമ്പുന്നതുപോലെ. പറിഞ്ഞുപോകുന്നതുപോലെ തുള്ളുകയാണ് ഹൃദയം. അമര്‍ത്തിതടവി എഴുന്നേറ്റിരുന്നു. ഇരിക്കാനും നില്‍ക്കാനും വയ്യാത്ത അവസ്ഥ. പുറത്തു നിറഞ്ഞ ഇരുട്ടാണ്. ഇടയ്ക്കിടെ മരണത്തിന്റെ തുറിച്ച കണ്ണുകള്‍പോലെ ചുവപ്പു സിഗ്നലുകള്‍ കടന്നുപോയി. കമ്പാര്‍ട്ട്മെന്റിലെ എല്ലാവരും പുതപ്പ് തലവഴി വാരിച്ചുറ്റി നല്ല ഉറക്കം. ആരുടെയും ഊരും പേരും അറിയില്ല. നേര്‍ത്തവെളിച്ചത്തില്‍ ആണേത് പെണ്ണേത് എന്നുപോലുമറിയില്ല. ഹാന്‍ഡ് ബാഗില്‍ കരുതിയ കുപ്പിവെള്ളം ഒറ്റവലിക്കു കുടിച്ചു തീര്‍ത്തു. കമ്പാര്‍ട്ട്മെന്റിലൂടെ തലങ്ങും വിലങ്ങും നടന്നു.
ഡോക്ടറുടെ സഹായം കിട്ടിയേ തീരൂ. അതിനു ടിക്കറ്റ് പരിശോധകനെ വിവരമറിയിക്കണം. പക്ഷേ, ഒരടി മുന്നോട്ടുവയ്ക്കാനാകാത്ത അവസ്ഥ. വീണുപോയാല്‍ പിന്നെ എഴുന്നേല്‍ക്കില്ലെന്നും ഉറപ്പ്. ആരു സഹായത്തിനെത്തുമെന്നറിയാതെ പി.ടി പതറി. മലയോരക്കരുത്തില് ഊറ്റംകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ വെല്ലുവിളിച്ച പി.ടിയെന്ന രാഷ്ട്രീയ നേതാവ് ജീവനും മരണത്തിനുമിടയില്‍ ഉരുകിയൊലിക്കുമ്പോള്‍ ഉറ്റവരാരുമില്ലായിരുന്നു ഒരു കൈ സഹായത്തിന്. പെട്ടെന്നാണ് ബാബുറാമിനെ ഓര്‍മവന്നത്. അവസാനനിമിഷം ട്രെയിനിലേക്ക് കൈപിടിച്ച് കയറ്റിയ യുവാവ്. എന്നാല്‍ കമ്പാര്‍ട്ട്മെന്റിലെ ഇരുട്ടില്‍ ബാബു കിടക്കുന്ന ബര്‍ത്ത് ഏതെന്നറിയാതെ പി.ടി കുഴങ്ങി. പി.ടി ഉറങ്ങിയശേഷമാണ് ബാബുവിന് ടി.ടി.ആര് സീറ്റ് അനുവദിച്ചത്. ടി.ടി.ആറിനെ കാത്ത് ബാബു ഇരുന്ന ബര്ത്തിനടുത്തെ സര്‍ദാര്‍ജിയോട് പി.ടി ബാബുവിനെക്കുറിച്ച് അന്വേഷിച്ചു.
ഭാഗ്യത്തിന് ആറാംനമ്പര്‍ ബര്‍ത്താണ് ബാബുവിന് അനുവദിച്ചതെന്ന് സര്‍ദാര്‍ജിയ്ക്ക് ഓര്‍മയുണ്ടായിരുന്നു.
തപ്പിത്തടഞ്ഞ്, പിടയുന്ന നെഞ്ചില്‍ കൈപ്പടം അമര്‍ത്തിവച്ച് പി.ടി ബര്‍ത്ത് നമ്പര്‍ തെരഞ്ഞ് ബാബുവിനെ കണ്ടെത്തി വിളിച്ചുണര്‍ത്തി. ഉറക്കച്ചടവില്‍ പിടഞ്ഞുണര്‍ന്ന ബാബു, നെഞ്ചില്‍ കൈചേര്‍ത്ത് സംസാരിക്കാന്‍ പ്രയാസപ്പെടുന്ന പി.ടിയെ കണ്ട് വല്ലാതായി. നെഞ്ച് വേദനയുടെ കാര്യം പി.ടി വല്ല വിധേനയും ബാബുവിനോട് പറഞ്ഞൊപ്പിച്ചു. ഉടനെ ടി.ടി.ആറിനെ വിവരമറിയിക്കാനും നിര്‍ദേശിച്ചു. ബാബു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എതാനും കമ്പാര്ട്ട്മെന്റുകള്ക്കകലെ ഇരിക്കുകയായിരുന്ന ടി.ടി.ആറിനെ കണ്ടെത്തി ഒപ്പം കൂട്ടി പി.ടിക്ക് മുമ്പിലെത്തിച്ചു. ചാര്‍ട്ട് നോക്കി രണ്ടു കമ്പാര്ട്ട്മെന്റുകള്ക്കപ്പുറത്ത് ഒരു ഡോക്ടര്‍ യാത്രക്കാരനായി ഉണ്ടെന്നു തിരിച്ചറിഞ്ഞു.
ഒരുവശം താങ്ങി ദേഹത്തോട് ചേര്‍ത്ത് ബാബു പി.ടിയെ രണ്ട് കമ്പാര്‍ട്ട്മെന്റുകള്‍ താണ്ടി കണ്ണൂര്‍ തിരുമേനി സ്വദേശിയായ ഡോക്ടറുടെ അടുത്തെത്തിച്ചു. രണ്ടുദിവസം മുമ്പ് തിരുമേനിക്കടുത്തെ ചെറുപുഴയില്‍ യോഗത്തില്‍ പ്രസംഗിച്ചാണ് പി.ടി പാലയിലേക്ക് തിരിച്ചത്. പി.ടിയുടെ പ്രസംഗം ഡോക്ടറും ഓര്‍ത്തിരുന്നു. പരിശോധനയില്‍ സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായ ഡോക്ടര്‍ ഉടന്‍ തന്നെ ഏതെങ്കിലും ഒരാശുപത്രിയില്‍ ചികിത്സ തേടാനുള്ള ഉപദേശമാണ് നല്‍കിയത്. അപ്പോഴും ട്രെയിന്‍ കുതിച്ചു പായുകയാണ്. ഇരുട്ടിന് മരണത്തിന്റെ ഗന്ധമാണെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഇരുട്ടില്‍ അവ്യക്തമായി ട്രെയിന്‍ പാളം പകുത്തുമാറ്റുന്നത് ജീവിതത്തേയും മരണത്തേയുമാണെന്ന് പി.ടിക്കു തോന്നി. അതേസമയം തുള്ളുന്ന നെഞ്ചില്‍ ചേര്‍ത്തുവച്ച ബാബു റാമിന്റെ കൈപ്പടത്തിന് ദൈവത്തിന്റെ സ്പര്‍ശമാണെന്നും അത്ഭുതത്തോടെ പി.ടി തോമസ് അറിഞ്ഞു. അപ്പോള്‍ ട്രെയിന്‍ ആലുവയ്ക്കും ചാലക്കുടിയ്ക്കും ഇടയിലായിരുന്നു. ടി.ടി.ആര് ഉടന്‍ തന്നെ തൃശൂര്‍ സ്റ്റേഷനിലേക്ക് സന്ദേശം നല്കി. ട്രെയിന്‍ തൃശൂരിലെത്തുമ്പോഴേക്കും വീല്‍ചെയറും ആംബുലന്‍സും റെഡി.
അപ്പോഴും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ബാബുറാം പി.ടിയെ തോളിലേക്ക് ചാരിനിര്‍ത്തി നെഞ്ചില്‍ ചെറുതായി ഇടിച്ചുകൊണ്ടിരുന്നു. കണ്ണില്‍ ഇരുട്ടു വലനെയ്യുന്നതു പി.ടി അറിഞ്ഞു. വീല്‍ചെയറില്‍ കയറ്റുമ്പോഴും ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പി.ടി യെ താങ്ങിനിര്‍ത്തിയതും ബാബുറാമിന്റെ കരങ്ങള്‍ തന്നെ.
ആശുപത്രിയിലെത്തി വേദനയുടെ വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ പി.ടിയുടെ കണ്ണുകള്‍ കൂമ്പി. കണ്പോളകള് അടഞ്ഞു. ഉടന്‍ തന്നെ ഓപ്പറേഷന് വേണമെന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ഓപ്പറേഷന് തീയറ്റര്‍ ഒരുങ്ങി. ബന്ധുവായി, സുഹൃത്തായി, സഹയാത്രികനായി എല്ലാ നടപടിക്രമങ്ങള്‍ക്കും ബാബുറാം ആശുപത്രിയില്‍തന്നെ നിന്നു. രോഗവിവരങ്ങളും ലക്ഷണങ്ങളും ബാബുറാം തന്നെ ഡോക്ടര്‍മാര്‍ക്ക് വിവരിച്ചുകൊടുത്തു. ബാബുറാമിന് പി.ടിയുടെ കുടുംബത്തെ അറിയില്ല. എന്നാല്‍, പി.ടിയെ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ട്. ബാബു ഉടന്‍ തന്നെ മന്ത്രിമാരായ കെ.സി ജോസഫിനേയും കെ. ബാബുവിനേയും വിളിച്ച് വിവരം പറഞ്ഞു. അവരിലൂടെ പി.ടിയുടെ ഭാര്യയും കുട്ടികളും വിവരമറിഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ പി.ടി തോമസ് ഐ.സി.യുവിലെ തണുപ്പിലേക്ക് മിഴി തുറക്കുമ്പോഴേക്കും ഹൃദയധമിനികളില്‍ ശസ്ത്രക്രിയ നടത്തി ബ്ലോക്ക് നീക്കിയിരുന്നു. വിവരമറിഞ്ഞ് അപ്പോഴേക്കും ഭാര്യയും മകനും ആശുപത്രിയിലെത്തി.
ഈ സമയം ഐ.സി.യുവിലെ ചില്ലുവാതിലിലൂടെ ബാബുറാം പി.ടി തോമസിന്റെ പുഞ്ചിരിക്കുന്ന മുഖം നോക്കിനിന്നു. ജൂണ്‍ രണ്ടുവരെ പി.ടി തോമസ് ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി കൊച്ചിയിലെ ബന്ധുവീട്ടില്‍ കഴിയുമ്പോഴും പി.ടിയുടെ മനസില്‍നിന്ന് ദൈവത്തിന്റെ ഗന്ധവും നിറവും സ്പര്‍ശവും മാഞ്ഞിട്ടില്ല. 'ദൈവത്തി'ന്റെ കൈപിടിച്ച് ട്രെയിനിലേക്ക് കയറ്റി ഒപ്പം കൂട്ടിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ... കാലങ്ങള്‍ക്ക് മുമ്പെങ്ങോ അജ്ഞാതശക്തി എഴുതിവച്ച തിരക്കഥയിലെ ഭാഗമാകാം ബാബുറാം പകര്ന്നാടിയതെന്ന് പി.ടി. കരുതുന്നു.
രോഗാവസ്ഥയുടെ അസ്വസ്ഥതകള്‍ പാടെ മാറി പി.ടി. ജീവിതത്തിലേക്ക് തിരിച്ചുവന്നു. രാഷ്ട്രിയത്തിലെ പടക്കുതിരയായി അങ്കത്തിനൊരുങ്ങി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തി രണ്ടും കല്പ്പിച്ചിറങ്ങി. മുടിയൊഴിഞ്ഞ തലയില്‍ തഴുകി പി.ടി പുഞ്ചിരിയോടെ തന്റെ ജീവിതത്തിലുണ്ടായ ദൈവിക സാന്നിധ്യമോര്‍ത്ത് ഊര്‍ജസ്വലനായി. രാഷ്ട്രീയത്തില്‍, സാമൂഹിക പ്രവര്‍ത്തനത്തിന്, പരിസ്ഥിതിക്കു്വണ്ടി ഇനിയും തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ആരോ കരുതിയിട്ടുണ്ടാകുമെന്നു പി.ടി വിശ്വസിച്ചു.






