
പത്ത് മിനിറ്റുകൊണ്ട് തയാറാക്കാവുന്ന എരിവും പുളിയുമുള്ള ഉഗ്രൻ മീൻകറിയുടെ രുചിക്കൂട്ടുമായി റിമി ടോമി. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ മീൻകറി കൂട്ടി ചോറുണ്ണാറുണ്ട്, തയാറാക്കി അപ്പോൾ തന്നെ കൂട്ടിയാലും ഉപ്പും മുളകുമെല്ലാം കൃത്യമായിരിക്കും എന്നതാണ് ഈ മീൻ കറിയുടെ പ്രത്യേകതയെന്നും റിമി വീഡിയോയിൽ പറയുന്നു.
ചേരുവകൾ...
മീൻ – 1/2 കിലോഗ്രാം
എണ്ണ – 4 ടേബിൾ സ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കടുക്– 1 ടീസ്പൂൺ
ഉപ്പ് – 2 1/2 ടീ
കാശ്മീരി മുളകു പൊടി – 4 ടേബിൾ സ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കുടംപുളി – ആവശ്യത്തിന്
ഇഞ്ചി – 2 ടേബിൾ സ്പൂൺ (നീളത്തിൽ അരിഞ്ഞത്)
വെളുത്തുള്ളി (ചതച്ചത്) – 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം...
ആദ്യം കുടംപുളി ഒരു പാത്രത്തില്‍ മുക്കാൽ ഭാഗം വെള്ളവും രണ്ടര ടീസ്പൂൺ ഉപ്പും കൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം തന്നെയാണ് മീൻ കറിയിൽ ചേർക്കുന്നത്. അഡീഷണൽ ആയി വേറെ വെള്ളം ചേർക്കുന്നില്ല. ഇനി മറ്റൊരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ. കടുകും ഉലുവയും ഇട്ട് പൊട്ടിച്ച ശേഷം കറിവേപ്പില ഇട്ട് മൂപ്പിക്കുക. കറിവേപ്പില മൂത്തു കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ചതച്ചു വച്ച വെളുത്തുള്ളിയും കൂടി മൂപ്പിക്കുക. അതിനു ശേഷം തീ കുറച്ചു വച്ച ശേഷം നാലു ടേബിൾ സ്പൂൺ കാശ്മീരി മുളകു പൊടിയും രണ്ടു േടബിൾ സ്പൂൺ മഞ്ഞൾ പൊടിയും കൂടി ഇട്ട് മൂപ്പിക്കുക. ഇനി തയാറാക്കി വച്ചിരിക്കുന്ന പുളി വെള്ളവും പുളിയും ഇതിലേക്ക് ചേർത്ത് തീ കൂട്ടി വച്ച് കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങൾ (കാളാഞ്ചിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്) ഇതിലേക്ക് ഇട്ടു കൊടുത്ത് പാത്രം ഒന്നു ചുറ്റിച്ച് വയ്ക്കുക. മീഡിയം ഫ്ലെയിമിൽ പാത്രം അടച്ചു വച്ച്10 മിനിറ്റു വേവിക്കുക. രുചികരമായ മീൻ കറി റെഡി.






