
കൊച്ചി: പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രോസിക്യൂഷൻ.
പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണം എന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചില്ല.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് നടിയും പ്രോസിക്യൂഷനും നേരത്തേയും ആരോപിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ തടസഹരജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.
നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകത്തു.
പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മഞ്ജു വാര്യർ തന്നെ കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ സർക്കാറും പ്രോസിക്യൂഷനും ഉന്നയിച്ചത്.






