
വളർത്തുനായകള്‍ക്ക് യജമാനനോടുള്ള സ്നേഹം ഉപാധികളില്ലാത്തതാണ്. ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ പോലും അവ അതിന്റെ നന്ദി കാണിക്കും. ഉടമകൾക്ക് വേണ്ടി ജീവൻ കൊടുക്കാൻപോലും തയാറാവും. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വീട്ടിലേക്ക് കടക്കാനൊരുങ്ങിയ മൂർഖൻ പാമ്പിനെ കടിച്ചുകുടഞ്ഞ ‘കാലി’ എന്ന് വിളിപ്പേരുളള ഡോബർമാനാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഉടമകളെ പാമ്പിന്റെ ആക്രമണത്തിൽ നിന്നു രക്ഷിച്ച നായകളുടെ വാർത്തകൾ മുൻപും ജനശ്രദ്ധ നേടിയിട്ടുണ്ട്. സൗമ്യ രഞ്ചൻ സേനാപതിയുടെ വീടിന്റെ മുന്നിലാണ് വിഷപ്പാമ്പെത്തിയത്. പാമ്പ് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കാലി അതിനെ ആക്രമിച്ചു. നായയുടെ അസാധാരണമായ കുര കേട്ട് വീട്ടുകാരെത്തുമ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ കടിച്ചു കുടയുന്ന നായയെയാണ്. പാമ്പിനെ കടിച്ചുപിടിച്ചു നിന്ന കാലി അൽപസമയത്തിനു ശേഷം അതിനെ തറയിലിട്ടു. അപ്പോഴും പാമ്പിന് ജീവനുണ്ടായിരുന്നു. ഉടൻതന്നെ വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. അവരെത്തി പാമ്പിനെ കൊണ്ടുപോകുകയായിരുന്നു.
പാമ്പുമായുള്ള പോരാട്ടത്തിനിടയിൽ കാലിയ്ക്ക് കടിയേറ്റിട്ടുണ്ടോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം. എന്നാൽ പരിശോധനയിൽ മുറിവേറ്റ പാടുകളൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉടമ വ്യക്തമാക്കി.






