
കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങള്‍. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഡെല്‍റ്റ വകഭേദത്തെ മറികടന്ന് അമേരിക്കയിലെയും നെതര്‍ലന്‍ഡ്സിലെയും പ്രബല കോവിഡ് വകഭേദമായി ഒമിക്രോണ്‍ മാറി. അമേരിക്കയിലെ പുതിയ കോവിഡ് കേസുകളില്‍ 59 ശതമാനവും ഇപ്പോള്‍ ഒമിക്രോണ്‍ മൂലമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പുറത്ത് വിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ഒമിക്രോണ്‍ പടര്‍ന്നു കഴിഞ്ഞതായും ഓരോ 2-3 ദിവസങ്ങള്‍ കൂടുമ്പോഴും കേസുകള്‍ ഇരട്ടിക്കുകയാണെന്നും സിഡിസി അറിയിച്ചു. നെതര്‍ലന്‍ഡ്സിലും കഴിഞ്ഞ ഒരാഴ്ച ഉണ്ടായ കോവിഡ് അണുബാധകളില്‍ 50 ശതമാനത്തിലധികം ഒമിക്രോണിന്റെ സംഭാവനയായിരുന്നതായി ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു.
ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനായി ക്രിസ്മസ് കാലത്ത് കടുത്ത ലോക്ഡൗണ്‍ നടപടികളും നെതര്‍ലന്‍ഡ്സ് പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാത്ത കടകള്‍, ബാറുകള്‍, ജിമ്മുകള്‍, ഹെയര്‍ഡ്രസര്‍ ഷോപ്പുകള്‍, മറ്റ് പൊതു ഇടങ്ങള്‍ തുടങ്ങിയവയെല്ലാം ജനുവരി 14 വരെ അടച്ചു. ജനുവരി 9 വരെ സ്കൂളുകള്‍ക്കും അവധി നല്കി.






