
മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാല്‍ പുതുവത്സരത്തില്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ‘ബറോസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം പുതുവത്സരാശംസ അറിയിച്ചത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് താരം ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകര്‍ത്തിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.
ബാറോസ്: ഗാര്ഡിയന് ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് സിനിമയ്ക്ക്സ് തിരക്കഥ എഴുതുന്നത്. ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ‘ഭൂത’ത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആദ്യം ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് സുകുമാരനുമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ബറോസിന്റെ ചിത്രീകരണം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ചിത്രീകരണം മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങള്‍ മൂലം പിന്നീട് പൃഥ്വിരാജ് ഈ സിനിമയില്‍ നിന്ന് പിന്മാറി.
വിദേശിയായ ഷെയ്ല മാക് കഫ്രി എന്ന പെണ്‍കുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്.
എന്നാല്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്ല ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. സിനിമയുടെ കാസ്റ്റിങ് കോള്‍ നടക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്ല മാക് കഫ്രി. ഷൂട്ടിങ് വൈകിയതോടെ കുട്ടിയുടെ രൂപം മാറിയത് പ്രശ്നമായി. ബറോസില്‍ ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം. അതുകൊണ്ട് മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന് ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തന്, വിദേശ നടി പാസ് വേഗ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോയുടെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമനാണ്.






