ന്യുഡല്‍ഹി: കോവിഡ് വ്യാപാനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ വീട്ടിലിരുന്നുള്ള ജോലി വീണ്ടും കൊണ്ടുവരും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% ജീവനക്കാരെ മാത്രമായിരിക്കും അനുവദിക്കുക.
ഗുജറാത്തില്‍ ഹൈക്കോടതി വളപ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചു. നേരിട്ട് എത്തേണ്ടവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. ബുധനാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും.
പഞ്ചാബില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. രാത്രി 10 മുതല്‍ രാവിലെ 5 വരെയായിരിക്കും നിയന്ത്രണം. സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്കി. എന്നാല്‍ മെഡിക്കല്‍, നഴ്സിംഗ് കോളജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നാം തരംഗം എത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്കുകള്‍ എല്ലാവര്ക്കും നിര്‍ബന്ധമാക്കി.
ബാറുകള്‍, സിനിമ ഹാളുകള്‍, മള്‍ട്ടിപ്ലക്സുകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍, സ്പാകള്‍, മ്യൂസിയം, മൃഗശാല, എന്നിവിടങ്ങളിലെല്ലാം 50% ആളുകള്‍ക്കായിരിക്കും പ്രവേശനം. ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.
സ്പോര്‍ട്സ് കോപ്ലക്സുകള്‍, സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്, ജിം എന്നിവിടങ്ങള്‍ അടച്ചിടണം.ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം. ആവശ്യമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടായിരിക്കും.






