
വളര്‍ത്തുമൃഗങ്ങളെ കേവലം വസ്തുക്കളെ പോലെ കണക്കാക്കാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പുമായി സ്പെയിന്. വളര്‍ത്തുമൃഗങ്ങളെ ജീവനുള്ളതും വിവേകവും, വികാരങ്ങളുമുള്ള ജീവികളായി കാണണമെന്നാണ് നിയമത്തില്‍ പറയുന്നത്. ബുധനാഴ്ചയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്തെ സഖ്യസര്‍ക്കാരിലെ ജൂനിയര്‍ അംഗമായ യൂനിദാസ് പോഡെമോസാണ് മൃഗസംരക്ഷണ നിയമത്തിന്റെ കരട് തയ്യാറാക്കിയത്. സ്പെയിനിന് പുറമേ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും മൃഗങ്ങളെ വിവേകമുള്ള ജീവികളായി അംഗീകരിക്കുന്നു.
നിയമപ്രകാരം ദമ്പതികള്‍ വേര്പിരിയുമ്പോള്, അവര്‍ക്ക് സ്വന്തം മക്കളുടെ ക്ഷേമം മാത്രം നോക്കിയാല്‍ പോരാ, വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമവും കൂടി പരിഗണിക്കണം. അവയെ ആര് നോക്കുമെന്നത് കുടുംബകോടതിയില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന ഘടകമായിരിക്കുമെന്നും നിയമം പറയുന്നു. നിയമം അനുസരിച്ച്, ഉടമകള്‍ വളര്‍ത്തുമൃഗത്തിന്റെ ക്ഷേമം ഉറപ്പ് നല്‍കണം. ഏതെങ്കിലും ഒരു വ്യക്തി മുന്‍പ് മൃഗങ്ങളോട് ക്രൂരത കാണിച്ച ചരിത്രമുണ്ടെങ്കില്‍, ആ വ്യക്തിക്ക് വളര്‍ത്തുമൃഗത്തെ കൂടെ താമസിപ്പിക്കാന്‍ നിയമപ്രകാരം സാധിക്കില്ല.
'' പുതിയ നിയമമനുസരിച്ച്, മൃഗത്തിന്റെ ക്ഷേമത്തെ അടിസ്ഥാനമാക്കിയായിരിക്കും ആരുടെ കൂടെ മൃഗത്തെ അയക്കണമെന്നത് തീരുമാനിക്കുന്നത്. കുട്ടികളും മൃഗങ്ങളും തമ്മില്‍ ഒരു പ്രത്യേക ബന്ധമുള്ളതിനാല്‍, സാമ്പത്തിക ഭദ്രതയുള്ള, കുട്ടികളുടെ കസ്റ്റഡി അനുവദിച്ച പങ്കാളിക്കായിരിക്കും മിക്കപ്പോഴും മുന്‍ഗണന. പുതിയ നിയമം മൃഗങ്ങളെ ഉപേക്ഷിക്കുന്നതും, അവയോട് ക്രൂരമായി പെരുമാറുന്നതുമായ സംഭവങ്ങള്‍ കുറയ്ക്കും'' - സൈക്കോളജിസ്റ്റായ റോഡ്രിഗോ കോസ്റ്റാവിലാസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.






