
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറാനിടയായ സാഹചര്യം അന്വേഷണ സംഘത്തോട്
3 സാക്ഷികൾ വെളിപ്പെടുത്തി. കള്ളസാക്ഷി പറഞ്ഞതിനു
തങ്ങളെയും കേസിൽ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 7 സാക്ഷികളെ വീണ്ടും വിസ്തരിക്കാനും 9 സാക്ഷികളെ പട്ടികയിൽ ചേർത്തു പുതുതായി വിസ്തരിക്കാനും പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ 4 പേരെ മാത്രം വിസ്തരിക്കാനുള്ള അനുമതിയാണു വിചാരണക്കോടതി നൽകിയത്.
ആലപ്പുഴ സ്വദേശിയായ പ്രോസിക്യൂഷൻ സാക്ഷി പ്രതിഭാഗം ചേരാൻ 5 ലക്ഷം രൂപ കൈപ്പറ്റിയതായും വീണ്ടും പണം ചോദിച്ചു പ്രതിഭാഗം അഭിഭാഷകനെ നേരിൽ കണ്ടതായും ബാലചന്ദ്രകുമാർ ഇന്നലെ ക്രൈംബ്രാഞ്ചിനു മൊഴി നൽകി.






