
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി ഇന്ന. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ 11 മണിക്കാണ് വിധി പറയുക. ഇത് പ്രമാണിച്ച് കോടതിക്ക് മുന്നില്‍ അതീവ സുരക്ഷയൊരുക്കി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോടതി പരിസരത്ത് രാവിലെ പരിശോധന നടത്തി. കോടതി പരിസരത്ത് പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് അതീവ സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
രാവിലെ 9.30 ഓടെ തന്നെ ബിഷപ് കോടതിയിലെത്തി. കോടതി മുറിയില്‍ നേരത്തെ തന്നെ അദ്ദേഹം കയറി. ജഡ്ജിയും കോടതിയിലെത്തി. ചേംബറില്‍ പ്രവേശിച്ചു. രണ്ട് ബന്ധുക്കള്‍ക്കൊപ്പമാണ് ബിഷപ് വിധി കേള്‍ക്കാന്‍ എത്തിയത്. സാധാരണ കോടതിയില്‍ എത്തുമ്പോള്‍ ഒപ്പമുണ്ടാകാറുള്ള ആള്‍ക്കൂട്ടം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. ക്രമസമാധാന പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് ഓരോരുത്തരേയും കോടതിയിലേക്ക് കയറ്റുന്നത്. തെിരിച്ചറിയല് കാര്‍ഡുകള്‍ പരിശോധിച്ചാണ് ഉദ്യോഗസ്ഥരെ അടക്കം കോടതിയില്‍ കയറ്റിവിടുന്നത്.
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരത്തിനു കീഴിലുള്ള ആളെ അധികാരമുപയോഗിച്ച് ബലാത്സംഗം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴ് വകുപ്പുകളാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം മുതല്‍ വര്‍ഷങ്ങളോളം തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ഇവ.
2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ തന്നെ 13 തവണ ബിഷപ് പീഡിപ്പിച്ചുവെന്നാണ് പരാതി. കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. 105 ദിവസം നീണ്ട വിചാരണ നടപടികളില്‍ 39 സാക്ഷിമൊഴികള്‍ എടുത്തു. കര്‍ദിനാളും മൂന്നു ബിഷപ്പുമാരും കന്യാസ്ത്രീകളും കേസില്‍ സാക്ഷികളായി കോടതിയിലെത്തി.
സാക്ഷികള്‍ എല്ലാവരും മൊഴിയില്‍ ഉറച്ചുനിന്നത് വിചാരണ സമയത്ത് പ്രോസിക്യൂഷന് ആത്മവിശ്വാസം നല്കി.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ കോട്ടയം എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ വൈക്കം ഡി.വൈ.എസ്.പിയായിരുന്ന സുഭാഷും എസ്.ഐ മോഹന്‍ദാസും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ബിഷപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറില്‍ എത്തിയെങ്കിലും ഗുണ്ടകളുടെയും പഞ്ചാബ് പോലീസിന്റെയും പിന്‍ബലത്തില്‍ ബിഷപ് കടന്നുകളഞ്ഞു. ഒടുവില്‍ ബിഷപ് ഹൗസില്‍ തമ്പടിച്ച പോലീസ് സംഘം ബിഷപിനെ തിരിച്ചുവിളിപ്പിച്ചാണ് പ്രാഥമിക മൊഴിയെടുത്തത്.
രണ്ടു മാസം കഴിഞ്ഞിട്ടും ബിഷപിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിയാതെ വന്നതോടെ സെപ്തംബര്‍ 8ന് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചിസ്ക്വയറില്‍ പരസ്യമായ പ്രതിഷേധം തുടങ്ങി. പിന്തുണയുമായി ജനസാഗരം സമരപ്പന്തലിലേക്ക് എത്തിയതോടെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗമില്ലാതായി. ഒടുവില്‍ ബിഷപിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്്റ്റു രേഖപ്പെടുത്തി. പ്രലോഭനങ്ങളും ഭീഷണികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും അതിജീവിച്ചാണ് അവര്‍ പരാതിക്കാരിക്ക് കരുതത്് നല്‍കിയത്.
അതിനിടെ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടന്നതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമം മണത്തറിഞ്ഞ കന്യാസ്ത്രീകള്‍ വീണ്ടും പ്രതിഷേധ സ്വരമുയര്‍ത്തി. ഇതോടെ അന്വേഷണ സംഘത്തെ തുടരാന്‍ തന്നെ അനുവദിച്ചു.
മൂന്നാഴ്ചയ്ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ബിഷപ് വിചാരണ നടപടികള്‍ നേരിടാന്‍ പിന്നീട് കോട്ടയത്ത് താത്ക്കാലിക താമസമാക്കി. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.






