
കോട്ടയം: ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രോസിക്യൂഷന്. വിധിയില്‍ പോലീസ് നിയമോപദേശം തേടും. പരാതിക്കാരിക്ക് അനുകൂലമായ സാക്ഷിമൊഴികളെ കോടതി മുഖവിലയ്ക്കെടുത്തില്ലെന്നുമാണ് പ്രോസിക്യൂഷന് വിലയിരുത്തല്‍.
പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. നിസാര പൊരുത്തക്കേടുകളുടെ പേരിലാണ് അതിജീവിതയുടെ മൊഴികള്‍ തള്ളിയതെന്നും പ്രോസിക്യുഷന് ഉന്നയിക്കുന്നു.
അപ്പീല്‍ പ്രോസിക്യൂഷന് നേരിട്ട് നല്‍കണമോ അതോ അതിജീവിതയെ കൊണ്ട് അപ്പീല്‍ നല്കിക്കണോ എന്ന് പ്രോസിക്യൂഷന് പരിശോധിക്കും.
അതിനിടെ, വൈക്കം ഡി.വൈ.എസ്.പി കുറവിങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ടു. മഠത്തിലെ സുരക്ഷയും ഡി.വൈ.എസ്പി പരിശോധിച്ചു. മഠത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീകള്‍ ഇന്ന് മാധ്യമങ്ങളെ കാണില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മഠത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെ വിധി വന്നശേഷം കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു.






