
1984-ല്‍ പുറത്തിറങ്ങിയ സ്പൈഡര്മാന് പുസ്തകത്തിലെ ഒരു പേജ് വന്‍തുകയ്ക്ക് വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച മാര്‍വല്‍ കോമിക്സിന്റെ സീക്രട്ട് വാര്‍ഡ് നമ്പര്‍ എട്ട് എന്ന പുസ്തകത്തിലെ 25-ാം പേജാണ് 3.36 മില്യന്‍ ഡോളറിന് വിറ്റു പോയത്. മാര്‍വല്‍ കോമിക്സിന്റെ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ് സ്പൈഡര്മാന്. 1962-ല്‍ മാര്‍വല്‍ കോമിക് ബുക്കായ അമെയ്സിംഗ് ഫാന്റസി നമ്പര്‍ 15-ലാണ് സ്പൈഡര്മാന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
ഹെറിറ്റേജ് ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് ഇത് ഡാലസില്‍ ലേലത്തില്‍ വെച്ചത്. നാലു ദിവസത്തെ ലേലത്തിന്റെ ആദ്യ ദിവസം തന്നെ ഇത് വിറ്റു പോയി. മൈക്ക് സെക് വരച്ചതാണ് ഈ പേജിലെ ചിത്രങ്ങള്‍. പത്തുമിനിറ്റിനുള്ളില്‍ ഇതിന്റെ വില്‍പ്പന നടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 1962-ലെ ഒരു സ്പൈഡര്മാന് കോമിക് പുസ്തകം 3.6 മില്യന്‍ ഡോളറിന് വിറ്റുപോയിരുന്നു. ലോകത്തേറ്റവും വിലമതിക്കുന്ന കോമിക് പുസ്തകം എന്ന സ്ഥാനം അതുവരെ സൂപ്പര്മാന് സീരീസിനായിരുന്നു. അത് അന്ന് സ്പൈഡര്മാന് ഭേദിക്കുകയായിരുന്നു.
ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്സ്മാന് സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്സ്മാന് കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന് 657,250 ഡോളറാണ് വില ലഭിച്ചത്. ഇപ്പോള്‍ ലേലത്തില്‍ പോയ സ്പൈഡര്മാന് കോമിക് പുസ്തകത്തിലെ പേജ് ആരാണ് വാങ്ങിയത് എന്ന കാര്യമോ ആരാണ് വിറ്റതെന്ന കാര്യമോ ഇതുവരെ പുറത്തു വന്നിട്ടില്ല.






