
മാവേലിക്കര: സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27 കാരി പിടിയിലായത്. ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.
പോക്സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണ് നടപടി. ചന്തു എന്ന വ്യാജ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥിനിയുമായി സന്ധ്യ സൗഹൃദമുണ്ടാക്കിയത്. തൃശ്ശൂരില്‍ നി്ന്നും കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു തിരിച്ചറിഞ്ഞില്ലെന്നാണ് വിദ്യാര്‍ഥിനി പറഞ്ഞതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതി സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
സമൂഹമാധ്യമങ്ങളിലെ മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലൂടെയായിരുന്നെു സന്ധ്യ ഇരകളെ കണ്ടെത്തിയിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു ഇവര്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു.
പോക്സോ കേസുകളില്‍ ഉള്‍പ്പെടെ നേരത്തെയും പ്രതിയായിട്ടുള്ള വ്യക്തിയാണ് സന്ധ്യയെന്നാണ് പൊലീസ് നല്കുന്ന വിവരം. 2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനിലാണ് സന്ധ്യക്കെതിരെ 2 പോക്സോ കേസുകള്‍ നിലവിലുള്ളത്. 2019 ല്‍ മംഗലപുരം സ്റ്റേഷനില്‍ അടിപിടിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: ഡോ. ആര്. ജോസ്, കുറത്തികാട് സി.ഐ: എസ്. നിസാം, എസ്.ഐ: ബൈജു, സീനിയര്‍ സിപി.ഒ: നൗഷാദ്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണന്, അരുണ്‍ഭാസ്കര്‍, ഷെഫീഖ്, വനിതാ സി.പി.ഒമാരായ സ്വര്‍ണരേഖ, രമ്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.






